കോവിഡ് കാലത്ത് ആരോ​ഗ്യവകുപ്പ് വാങ്ങിയ ഐഫോണുകൾ കാണാതായത് വിജിലൻസ് അന്വേഷിക്കും; ആഭ്യന്തരമന്ത്രിക്ക് കത്ത് നൽകി ആരോ​ഗ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് കാലത്ത് ആരോഗ്യവകുപ്പ് ഐഫോൺ വാങ്ങിയതുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണത്തിന് ശുപാർശ. ആരോഗ്യമന്ത്രി ആഭ്യന്തര മന്ത്രിക്ക് കത്ത് നൽകി. കണ്ണ് പരിശോധനയുടെ ഭാഗമായി വാങ്ങിക്കൂട്ടിയ 224 ഐഫോണുകൾ എവിടെയെന്നതിൽ വ്യക്തതയില്ല. വാങ്ങിയ ഫോണുകൾ ഉപയോഗിച്ചില്ലെന്നാണ് കണ്ടെത്തൽ.

ഐഎംഇ നമ്പർ വഴി ഫോൺ എവിടെയെന്ന് പരിശോധിക്കും. ആരോഗ്യവകുപ്പ് സൈബർ സെല്ലിലും പരാതി നൽകും. കണ്ണ് പരിശോധനയുടെ പേരിൽ വാങ്ങിക്കൂട്ടിയത് 224 ഫണ്ടസ് ക്യാമറകളാണ്. ഉപകരണത്തിൽ ഘടിപ്പിക്കാൻ 224 ഐഫോണുകളും വാങ്ങി. വാങ്ങിയ ഐഫോണുകൾ കാണാതായി. വാങ്ങിയ ഉപകരണങ്ങൾ കോവിഡ് കാലത്ത് ഉപയോഗിച്ചില്ലെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.

7.16 കോടിയുടെ പർച്ചേസാണ് ഇതുമായി ബന്ധപ്പെട്ട് നടന്നത്. റെമഡിയോ ഇന്നവേറ്റീവ് സൊല്യൂഷൻ കമ്പനിയിൽ നിന്നാണ് ഫണ്ടസ് ക്യാമറ വാങ്ങിയത്. ഐഫോൺ 6എസ് മോഡൽ 224 ഫോണുകൾ വാങ്ങി. ഫണ്ടസ് ക്യാമറയും ഐഫോണും ചേർത്ത് ഒരു ഉപകരണത്തിന് ചെലവായത് 3.2 ലക്ഷം രൂപയാണ്.

കോവിഡ് കാലത്തെ ആരോഗ്യവകുപ്പിന്റെ പർച്ചേസുമായി ബന്ധപ്പെട്ട് ഇന്നലെ സഭയിൽ അബിൻ വർക്കി എംഎൽഎ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. 215നോടടുത്ത് ആശുപത്രികളിലായി ആയിരത്തിന് മുകളിൽ ഉപകരണങ്ങൾ പെട്ടിപോലും പൊട്ടിക്കാതെ കിടപ്പുണ്ട് എന്നതായിരുന്നു ആരോപണം. ഇതിന് പിന്നാലെയാണ് ആരോഗ്യ വകുപ്പ് ഇടപെടൽ.

Leave a Reply

Your email address will not be published. Required fields are marked *