നീന്തൽ പരിശീലനത്തിനെത്തിയ 14-കാരിയെ ലൈംഗികമായി ഉപദ്രവിച്ചു; ദേശീയ ചാമ്പ്യൻഷിപ്പ് സ്വർണ മെഡൽ ജേതാവ് അറസ്റ്റിൽ

തിരുവനന്തപുരം∙ വർക്കലയിലെ സ്‌കൂളിൽ നീന്തൽ പരിശീലനത്തിനെത്തിയ പതിനാലുകാരിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്ന കേസിൽ പരിശീലകനായ തിരുവല്ലം സ്വദേശി ശരത് ചന്ദ്രൻ (46) അറസ്റ്റിൽ. തൃശൂരിലെ സ്വകാര്യ നീന്തൽ പരിശീലന അക്കാദമിയിൽ നിന്നാണ് അയിരൂർ പൊലീസ് ശരത്തിനെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഇക്കഴിഞ്ഞ ജനുവരിയിൽ വർക്കലയിലെ സ്വകാര്യ സ്‌കൂളിൽ നീന്തൽ പരിശീലകനായിരിക്കെ പരിശീലനത്തിന് എത്തിയ 14 വയസ്സുള്ള വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചു എന്നാണ് പരാതി. ഇതേത്തുടർന്ന് ശരത് ചന്ദ്രനെ സ്‌കൂളിൽനിന്ന് ഒഴിവാക്കിയിരുന്നു. എന്നാൽ സംഭവത്തിനു ശേഷം മാനസിക സംഘർഷം നേരിട്ട കുട്ടിയെ രക്ഷിതാക്കൾ കൗൺസലിങ് നടത്തി വിവരം ചൈൽഡ് ലൈനിൽ അറിയിക്കുകയായിരുന്നു. ചൈൽഡ് ലൈനിൽ നിന്നുള്ള പരാതി അയിരൂർ സ്റ്റേഷനിൽ ലഭിച്ചതോടെ നടന്ന അന്വേഷണത്തിലാണ് പ്രതി തൃശൂരിൽ ഉണ്ടെന്ന് കണ്ടെത്തി പിടികൂടിയത്. സീനിയർ നാഷണൽ അക്വാട്ടിക് ചാംപ്യൻഷിൽ സ്വർണ മെഡൽ ജേതാവ് കൂടിയാണ് പിടിയിലായ ശരത് ചന്ദ്രൻ.

Leave a Reply

Your email address will not be published. Required fields are marked *