ലഖ്‌നൗ: ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് കാപ്പിയിൽ ഉറക്കമരുന്ന് കലർത്തി നൽകിയ ശേഷം കത്തികൊണ്ട് സ്വകാര്യഭാഗത്ത് കുത്തിപ്പരിക്കേൽപ്പിച്ച് ഭാര്യ. ഉത്തർപ്രദേശിലെ മീററ്റിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ പ്രദേശത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ലിസാദി ഗേറ്റ് പോലീസ് സ്‌റ്റേഷൻ പരിധിയിലെ സൈയ്ദ് ഗാർഡനിൽ വ്യാഴാഴ്ചയായിരുന്നു സംഭവം. ഭർത്താവ് മറ്റൊരാളെ വിവാഹം കഴിക്കാൻ ഒരുങ്ങുകയാണെന്ന സംശയത്തെ ചൊല്ലി വ്യാഴാഴ്ച ഇരുവരും തമ്മിൽ കടുത്ത തർക്കമുണ്ടായിരുന്നു. തുടർന്ന് ശാന്തയായെന്ന

വ്യാജേന ഭാര്യ ഭർത്താവിന് കാപ്പിയുണ്ടാക്കി നൽകുകയായിരുന്നു. ഇതിൽ ഉറക്കമരുന്ന് കലർത്തിയിരുന്നതായി പോലീസ് പറഞ്ഞു.കാപ്പി കുടിച്ച് യുവാവ് ബോധരഹിതനായതോടെ യുവതി കത്തി ഉപയോഗിച്ച് സ്വകാര്യഭാഗത്ത് കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. യുവാവിന്റെ നിലവിളി കേട്ട് ഓടിയെത്തിയ അമ്മയും സഹോദരിയും ചേർന്നാണ് ചോരയിൽ കുളിച്ച നിലയിൽ ഇയാളെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തിന് പിന്നാലെ ഓടി രക്ഷപ്പെട്ട യുവതിയെ യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ലിസാദി ഗേറ്റ് പോലീസ് അറിയിച്ചു.

