കോതമംഗലം എം.എ. കോളേജ് വിദ്യാർത്ഥിയുടെ മരണം:’കോളേജിൽ കടുത്ത മാനസിക സമ്മർദ്ദമുണ്ടെന്ന് ആയേഷ് അമ്മയോട് പറഞ്ഞിരുന്നു’;മരണത്തിൽ ദുരൂ​ഹത ആരോപിച്ച് കുടുംബം

എറണാകുളം: കോതമംഗലം മാർ അത്തനേഷ്യസ് (എം.എ.) എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥി ആയേഷിന്റെ (19) മരണത്തിൽ കോളേജ് അധികൃതർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം. പ്രണയനൈരാശ്യം മൂലമുള്ള ആത്മഹത്യയാണെന്ന് വരുത്തിതീർക്കാൻ കോളേജ് അധികൃതർ ശ്രമിക്കുകയാണെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും ബന്ധുക്കൾ ആരോപിച്ചു. തിരുവനന്തപുരം കല്ലറ സ്വദേശിയാണ് മരിച്ച ആയേഷ്.

എം.എ. കോളേജിലെ രണ്ടാം വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ ആയേഷിനെ വ്യാഴാഴ്ച വൈകിട്ടാണ് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കോളേജിൽ നിന്ന് തിരിച്ചെത്തി ഹോസ്റ്റൽ മുറിയിൽ ബാഗ് വെച്ച ഉടൻ പുറത്തിറങ്ങിയ ആയേഷ് തൊട്ടുപിന്നാലെ കെട്ടിടത്തിന് താഴെ വീണുകിടക്കുന്നതാണ് കണ്ടത്. പ്രണയനൈരാശ്യമാണ് സംഭവത്തിന് പിന്നിലെന്ന തരത്തിലായിരുന്നു ആദ്യ ഘട്ടത്തിൽ പ്രചരിച്ച വിവരങ്ങൾ.

എന്നാൽ ആയേഷിന് പ്രണയമോ പ്രണയനൈരാശ്യമോ ഉള്ളതായി കുടുംബത്തിനോ അടുത്ത സുഹൃത്തുക്കൾക്കോ അറിവില്ലെന്ന് ബന്ധുക്കൾ വ്യക്തമാക്കുന്നു. അസുഖബാധിതനായിട്ടും വീട്ടിലേക്ക് വരാൻ കോളേജ് അധികൃതർ അനുവാദം നൽകിയിരുന്നില്ല. കോളേജിൽ കടുത്ത മാനസിക സമ്മർദ്ദമുണ്ടെന്ന് ആയേഷ് അമ്മയോട് തുറന്നുപറഞ്ഞിരുന്നു. സംഭവത്തിന് ശേഷം മരണവിവരം ബന്ധുക്കളെ അറിയിക്കാൻ വൈകിയെന്നും മരണത്തെ വ്യക്തിപരമായ പ്രശ്നമാക്കി മാറ്റി മറച്ചുവെക്കാൻ അധികൃതർ ശ്രമിക്കുകയാണെന്നും കുടുംബം ആരോപിക്കുന്നു. സംഭവത്തിൽ കോതമംഗലം പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *