പതിനൊന്നുകാരിക്ക് നേരെ പീഡനശ്രമം, സിഗരറ്റ് വലിക്കാൻ നിർബന്ധിച്ചു: പ്രതിക്ക് 22 വർഷം കഠിനതടവും പിഴയും

തിരൂർ: പതിനൊന്നുകാരിയെ പലതവണ ലൈംഗികമായി പീഡിപ്പിക്കുകയും നിർബന്ധിച്ച് പുകവലിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ യുവാവിന് 22 വർഷം കഠിനതടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കൂട്ടായി മാസ്റ്റർപടി സ്വദേശി കക്കോച്ചിന്റെ പുരയ്ക്കൽ സഫ്‌വാനെയാണ് (35) തിരൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ടി.ബി. ഫസീല ശിക്ഷിച്ചത്.

2024 മേയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. താനൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ വിവിധ വകുപ്പുകളിലായാണ് ശിക്ഷ വിധി. പ്രതി പിഴയടയ്ക്കുന്ന തുക ഇരയായ പെൺകുട്ടിക്ക് നൽകണം. കൂടാതെ, വിക്ടിം കോമ്പൻസേഷൻ സ്കീം വഴി പെൺകുട്ടിക്ക് കൂടുതൽ നഷ്ടപരിഹാരം ലഭ്യമാക്കാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോട് കോടതി നിർദ്ദേശിച്ചിട്ടുമുണ്ട്.

പ്രതിയായ സഫ്വാൻ നിലവിൽ സമാനമായ മറ്റ് രണ്ട് പോക്സോ കേസുകളിൽ റിമാൻഡിൽ കഴിയുകയാണ്. ഇതിനുപുറമേ ഫറോക്ക്, പന്തീരാങ്കാവ്, കൊണ്ടോട്ടി, തിരൂർ പോലീസ് സ്റ്റേഷൻ പരിധികളിലെ നിരവധി മോഷണക്കേസുകളിലും ഇയാൾ പ്രതിയാണ്.

താനൂർ സബ് ഇൻസ്പെക്ടറായിരുന്ന എൻ.ആർ. സുജിത്ത്, സിവിൽ പോലീസ് ഓഫീസർ പി. രമ്യ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. അശ്വനികുമാർ ഹാജരായി. വിധിക്കുശേഷം പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *