3 ദിവസമായി വൈദ്യുതിയില്ലെന്ന് പരാതി; വെള്ളത്തിൽ മുങ്ങിയ ട്രാൻസ്ഫോർമർ വള്ളത്തിലെത്തി കാണിച്ച് കെഎസ്ഇബി ഉദ്യോഗസ്ഥൻ

പത്തനംതിട്ട: മൂന്നുദിവസമായി വൈദ്യുതി ഇല്ലെന്ന നാട്ടുകാരുടെ പരാതിയിൽ വിശദീകരണം നൽകി കെഎസ്ഇബി ഉദ്യോഗസ്ഥൻ. വളളം തുഴഞ്ഞ് എത്തി ട്രാൻസ്‌ഫോർമറിന്റെ അവസ്ഥ കാണിച്ചാണ് ഉദ്യോഗസ്ഥന്റെ വിശദീകരണം. വെളളത്തിൽ മുങ്ങി കിടക്കുന്ന ട്രാൻസ്‌ഫോർമറാണ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ രാജേഷ് കുമാർ പിളള വളളം തുഴഞ്ഞെത്തി കാണിച്ചത്.

ജീവനാണ് പ്രാധാന്യമെന്നും അതുകഴിഞ്ഞ് മതി വൈദ്യുതിയെന്നും കെഎസ്ഇബി തിരുവല്ല ഡിവിഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയറായ രാജേഷ് പറഞ്ഞു. വെളളം പൂർണമായും ഇറങ്ങിയതിന് ശേഷം മാത്രമേ ട്രാൻസ്‌ഫോർമർ ചാർജ് ചെയ്യാൻ കഴിയൂ എന്നും രാജേഷ് വ്യക്തമാക്കി. പത്തനംതിട്ട വെണ്ണിക്കുളം തുരുത്തിക്കാട് ഭാഗത്ത് വൈദ്യുതി പുനസ്ഥാപിക്കണം എന്നായിരുന്നു ആവശ്യം.

അതേസമയം, പത്തനംതിട്ടയിലുൾപ്പെടെ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ കനത്ത മഴ തുടരുകയാണ്. വരും മണിക്കൂറുകളിൽ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇന്ന് 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമ്പൂർണ അവധിയാണ്. രണ്ട് ജില്ലകളിൽ നിയന്ത്രിത അവധിയുമുണ്ട്. ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കാസർകോട് ജില്ലകളിലാണ് അവധി. കണ്ണൂരിലെ പയ്യന്നൂർ, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകൾക്കാണ് അവധി. വയനാട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്.

Leave a Reply

Your email address will not be published. Required fields are marked *