എം.ഡി.എം.എ പണമിടപാട് കേസ്: റിമാൻഡിലുള്ള അധ്യാപികമാരെയടക്കം കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് അപേക്ഷ നൽകി; കോടതി ഇന്ന് പരിഗണിക്കും

വടകര: എം.ഡി.എം.എ പണമിടപാട് കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നതിനായി പ്രത്യേക അന്വേഷണ സംഘം നൽകിയ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കേസിൽ അറസ്റ്റിലായ പേരാമ്പ്ര ബി.ആർ.സി സ്പെഷ്യലിസ്റ്റ് അധ്യാപികമാരായ കീർത്തന, കാവ്യ, നീഷ്മ, ഡെലിവറി ബോയ് ജിജിൻ എന്നിവരെ ഒപ്പമിരുത്തി ചോദ്യം ചെയ്യുന്നതിനാണ് പോലീസ് കസ്റ്റഡി അപേക്ഷ നൽകിയിരിക്കുന്നത്.

പ്രതികളുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും ഫോൺ കോൾ വിവരങ്ങളും കേന്ദ്രീകരിച്ച് വൻ ശാസ്ത്രീയ തെളിവുശേഖരണമാണ് പുരോഗമിക്കുന്നത്. എ.ടി.എം കൗണ്ടറുകൾ വഴി പണം പിൻവലിച്ചവരുടെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കാൻ ബാങ്കുകൾക്ക് കത്ത് നൽകിയിട്ടുണ്ട്. പണം പിൻവലിച്ചവരെ കണ്ടെത്തിയാൽ കേസിൽ പ്രതി ചേർക്കുമെന്നും സൈബർ സെല്ലിന്റെ സഹായത്തോടെ ആയിരക്കണക്കിന് ഫോൺ കോളുകൾ പരിശോധിച്ചു വരികയാണെന്നും പോലീസ് അറിയിച്ചു.

തട്ടിയെടുത്ത പണം മുഴുവൻ വയനാട് സ്വദേശിയായ ലഹരി മൊത്തവിതരണക്കാരന്റെ അക്കൗണ്ടിലേക്കാണ് പോയതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാളെ കണ്ടെത്താനായി അന്വേഷണം ഊർജിതമാക്കിയ പോലീസ്, ആവശ്യമെങ്കിൽ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും.

അതേസമയം, ഒന്നാം പ്രതി കീർത്തന വടകര എൻ.ഡി.പി.എസ് കോടതിയിൽ നൽകിയ ജാമ്യാപേക്ഷയിൽ കോടതി വാദം കേട്ടു. മറ്റു പ്രതികളായ കാവ്യ, നീഷ്മ, ജിജിൻ എന്നിവരും ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്തു കൊണ്ട് പ്രത്യേക അന്വേഷണ സംഘം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *