തൃശൂർ:നഗരത്തിലെ ലോഡ്ജ് മുറിയിൽ യുവതിയെയും നവജാത ശിശുവിനെയും മരിച്ചനിലയിൽ കണ്ടെത്തി. കെഎസ്ആർടിസി സ്റ്റാൻഡിനു സമീപമുള്ള ലോഡ്ജ് മുറിയിലാണ് വലപ്പാട് എടമുട്ടം കൊല്ലാറ വീട്ടിൽ ജ്യോതിയെയും (32) നവജാത ശിശുവിനെയും ഇന്നലെ പകൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ജ്യോതിയുടെ സുഹൃത്തായ ഓട്ടോ ഡ്രൈവറെ പൊലീസ് ചോദ്യം ചെയ്തു. ഗർഭിണിയായ യുവതി സുഹൃത്തിനൊപ്പമെത്തി 27ന് ഉച്ചയ്ക്കു രണ്ടരയോടെയാണ് ലോഡ്ജിൽ മുറിയെടുത്തത്. ഞായറാഴ്ച മുറിയിൽ നിന്ന് പുറത്തുപോയ സുഹൃത്ത് പിന്നീട് ഇന്നലെയാണ് തിരിച്ചെത്തിയത്.

ഇതിനിടെ ഫോണിൽ വിളിച്ചിട്ടും മറുപടി ഉണ്ടായിരുന്നില്ല. വാതിൽ ഉള്ളിൽ നിന്ന് പൂട്ടിയ നിലയിലായിരുന്നു. തുറക്കാതായതോടെ പൊലീസിനെയും അഗ്നിരക്ഷാ സേനയെയും വിവരമറിയിച്ചു. ഉദ്യോഗസ്ഥരെത്തി മുറി തുറന്നപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പ്രസവത്തെ തുടർന്നാണ് മരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊക്കിൾ കൊടി സ്വയം മുറിച്ചു നീക്കിയിരുന്നു. യുവതി ഗർഭിണിയായിരുന്നെന്ന് അറിഞ്ഞിരുന്നില്ല എന്നാണ് ഇയാളുടെ മൊഴി. വയറുവേദന ആണെന്ന് അറിയിച്ചപ്പോൾ മരുന്നു വാങ്ങി നൽകിയിരുന്നെന്നും ഇയാൾ മൊഴി നൽകി. ഇയാൾക്കെതിരെ 2024ൽ യുവതി പരാതി നൽകിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
