തിരുവനന്തപുരം: മഴക്കാലത്ത് മാത്രം പടർന്നുപിടിച്ചിരുന്ന ഡെങ്കിപ്പനി സംസ്ഥാനത്ത് വർഷം മുഴുവൻ നിലനിൽക്കുന്ന ഗുരുതര ആരോഗ്യപ്രശ്നമായി മാറുന്നു. നടപ്പുവർഷം സെപ്റ്റംബർ 24 വരെയുള്ള കണക്കുകൾ പ്രകാരം 11,281 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 42 മരണങ്ങളും റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം (2025) ആകെയുണ്ടായ 10,886 രോഗബാധിതരെന്ന കണക്കിനെ ഇതിനകം തന്നെ മറികടന്ന അവസ്ഥയാണിപ്പോൾ.സാധാരണ ഡെങ്കിബാധ കുറഞ്ഞുനിൽക്കാറുള്ള ജനുവരിയിൽ പോലും ഇത്തവണ 378 രോഗികളും നാല് മരണങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. ജൂണിലാണ് ഏറ്റവും ഉയർന്ന രോഗബാധ രേഖപ്പെടുത്തിയത്; 1,802 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 15 പേർ മരണപ്പെടുകയും ചെയ്തു. മഴ കുറഞ്ഞ സെപ്റ്റംബറിലെ ആദ്യ 24 ദിവസത്തിനുള്ളിൽ മാത്രം 1,330 പേർക്കാണ് ഡെങ്കിപ്പനി ബാധിച്ചത്.

ഡെങ്കി വൈറസിന്റെ നാല് വകഭേദങ്ങളും (ഡെൻവ്-1, 2, 3, 4) സംസ്ഥാനത്ത് സജീവമാണെന്ന് സംയോജിത രോഗനിരീക്ഷണ പദ്ധതിയുടെ (ഐ.ഡി.എസ്.പി.) രേഖകൾ വ്യക്തമാക്കുന്നു. ഒരു വകഭേദം ബാധിച്ചൊരാൾക്ക് തുടർന്ന് മറ്റൊന്ന് ബാധിച്ചാൽ രോഗാവസ്ഥ അതീവ ഗുരുതരമാകാൻ സാധ്യതയേറെയാണ്.രോഗം പരത്തുന്ന ഈഡിസ് കൊതുകുകൾ പെരുകുന്നതാണ് രോഗവ്യാപനം വർദ്ധിക്കാൻ പ്രധാന കാരണം. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട്, ഇടുക്കി ജില്ലകളിൽ നടത്തിയ സർവേയിൽ കൊതുകുതാവളങ്ങളിൽ 78 ശതമാനവും മനുഷ്യനിർമ്മിത ഇടങ്ങളാണെന്ന് കണ്ടെത്തിയിരുന്നു. മഴയില്ലാത്ത സമയങ്ങളിൽ വീടുകളിലെ ജലസംഭരണികളാണ് കൊതുകിന്റെ പ്രധാന ആവാസകേന്ദ്രങ്ങൾ.
വീടുകളിലും സ്ഥാപനങ്ങളിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് ഈഡിസ് കൊതുകുകൾ മുട്ടയിട്ട് പെരുകുന്നതെന്നും നമ്മെ കടിക്കുന്ന കൊതുകിനെ നമ്മൾ തന്നെയാണ് സൃഷ്ടിക്കുന്നതെന്നും പകർച്ചവ്യാധി നിയന്ത്രണ ഉന്നതാധികാര സമിതി ചെയർമാൻ ഡോ. എസ്.എസ്. ലാൽ വ്യക്തമാക്കുന്നു. പകൽസമയത്തും കടിക്കുന്ന കൊതുകുകളായതിനാൽ വീടുകളിലും സ്ഥാപനങ്ങളിലും കൊതുക് പെരുകാനുള്ള സാഹചര്യം പൂർണ്ണമായും ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.

