പത്തനംതിട്ടയിൽ ആശങ്ക;’വീടുകളിലെ ഒന്നാം നിലയിൽ കഴിയുന്നവർ ക്യാമ്പുകളിലേക്ക് മാറാൻ തയ്യാറാകണം


മൂഴിയാർ ഡാം തുറക്കാൻ ജില്ലാ കളക്ടർ അനുമതി നൽകി
പത്തനംതിട്ട: കനത്ത മഴയെ തുടർന്ന് പത്തനംതിട്ടയിൽ അതീവ ജാഗ്രതാ നിർദ്ദേശം. മൂഴിയാർ ഡാം തുറക്കാൻ പത്തനംതിട്ട ജില്ലാ കളക്ടർ അനുമതി നൽകി. ഇതുമായി ബന്ധപ്പെട്ട് റാന്നിയിൽ അനൗൺസ്‌മെന്റ് തുടങ്ങി. ആറന്മുളയിൽ അൽപസമയത്തിനകം പൊലീസ് വാഹനത്തിൽ അനൗൺസ് ചെയ്യും. നിലവിൽ ആറന്മുളയിൽ ശക്തമായി മഴ പെയ്യുകയാണ്. മൂഴിയാറിൽ വെള്ളം 190 അടിയായി ഉയർന്നു.

അതേസമയം പത്തനംതിട്ടയിൽ ആശങ്കാ ജനകമായ അവസ്ഥയെന്ന് മന്ത്രി പി സി വിഷ്ണുനാഥ് പറഞ്ഞു. വീടുകളിലെ ഒന്നാം നിലയിൽ കഴിയുന്നവർ ദുരിതാശ്വാസക്യാമ്പുകളിലേക്ക് മാറാൻ തയ്യാറാകണമെന്ന് പി സി വിഷ്ണുനാഥ് ആവശ്യപ്പെട്ടു. വീടുകളിൽ തുടരുന്നത് ആശങ്കാജനകമായ സ്ഥിതിവിശേഷം ഉണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു

.

സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് ശമനമില്ല; 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ജാഗ്രത തുടരുന്നു
ക്യാമ്പുകളിലേക്ക് മാറാൻ അഭിമാന പ്രശ്‌നമുണ്ടെങ്കിൽ ബന്ധുക്കളുടെ വീടുകളിലേക്ക് മാറട്ടെ എന്നും മന്ത്രി പറഞ്ഞു. കൊല്ലത്ത് നിന്നും ആലപ്പുഴയിൽ നിന്നും രക്ഷാപ്രവർത്തനത്തിനായി മത്സ്യത്തൊഴിലാളികളെ പത്തനംതിട്ടയിൽ എത്തിക്കും. തിരുവനന്തപുരത്തുള്ള എൻടിആർഎഫിന്റെ ഒരു ടീമിനോട് കൂടി പത്തനംതിട്ടയിൽ എത്താൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വിഷ്ണുനാഥ് പറഞ്ഞു.

കോഴഞ്ചേരി റസ്റ്റ് ഹൗസിൽ മന്ത്രിയും അബിൻ വർക്കി എംഎൽഎയും അടക്കമുള്ള അധികാരികൾ അടിയന്തര യോഗം ചേർന്നു. മൂഴിയാർ ഡാം തുറക്കുമ്പോൾ പമ്പയാറ്റിൽ വെള്ളം ഉയരും. ഈ പശ്ചാത്തലത്തിൽ എടുക്കേണ്ട മുൻകരുതലുകൾ ചർച്ച ചെയ്യാനാണ് യോഗം ചേർന്നത്. റവന്യൂ മന്ത്രി എ പി അനിൽകുമാർ സ്ഥിതി വിശകലനം ചെയ്യാൻ പത്തനംതിട്ടയിൽ എത്തും. നിലവിൽ റാന്നിയിൽ ആശങ്ക നിലനിൽക്കുന്നുണ്ട്. പമ്പാനദിയിൽ ജലനിരപ്പ് ഉയരുന്നത് കൊണ്ട് തന്നെ മാമുക്ക് ചെറിയ പാലത്തിന്റെ ഭാഗത്തേക്ക് വെള്ളം കയറുന്നുണ്ട്.

റാന്നി മാമുക്കിൽ പമ്പാനദിയിൽ ജലനിരപ്പ് ഉയരുന്നുണ്ട്. പമ്പ ത്രിവേണിയിൽ ജലനിരപ്പ് ഉയരുകയാണ്. ജാഗ്രത പാലിക്കണമെന്ന് പൊലീസ് നിർദ്ദേശം നൽകി. പത്തനംതിട്ടയിൽ ശബരിമല വനമേഖല ഉൾപ്പെടുന്ന പ്രദേശങ്ങളിൽ കിഴക്കൻ മേഖലകളിൽ ശക്തമായ മഴ പെയ്യുകയാണ്. മൂഴിയാർ ഡാമിന്റെ ഷട്ടറുകൾ ഏത് നിമിഷവും തുറക്കുമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *