സോഷ്യൽ മീഡിയ ഭീമനായ ‘എക്സ്’ (ട്വിറ്റർ) വഴി ബാങ്കിങ് സേവനങ്ങൾ ലഭ്യമാക്കാനൊരുങ്ങി ഇലോൺ മസ്‌ക്. എക്സിന്റെ ‘പ്രീമിയം’, ‘പ്രീമിയം+’ സബ്‌സ്‌ക്രൈബർമാർക്കായിരിക്കും പ്രാരംഭ ഘട്ടത്തിൽ ഈ സേവനങ്ങൾ ലഭിക്കുക. എക്സിനെ എല്ലാവിധ ആവശ്യങ്ങൾക്കും ഉപയോഗിക്കാവുന്ന ഒരു ‘സമ്പൂർണ്ണ ആപ്പ്’ (Everything App) ആക്കി മാറ്റാനുള്ള പദ്ധതിയുടെ ഭാഗമായാണ് പുതിയ നീക്കം. നിലവിൽ യു.എസ് ഉപയോക്താക്കൾക്ക് മാത്രമായി ആരംഭിക്കുന്ന ഈ സേവനം ഭാവിയിൽ മറ്റു രാജ്യങ്ങളിലേക്കും വ്യാപിപ്പിച്ചേക്കും.
പുതിയ സേവനത്തിലൂടെ ഉപയോക്താക്കൾക്ക് നിക്ഷേപങ്ങൾ കൈകാര്യം ചെയ്യാനും വ്യക്തികൾ തമ്മിൽ പണം കൈമാറാനും ബില്ലുകൾ അടയ്ക്കാനും വയർ ട്രാൻസ്ഫർ വഴി പണം അയക്കാനും സാധിക്കും. ന്യൂജേഴ്‌സി ആസ്ഥാനമായുള്ള ‘ക്രോസ് റിവർ ബാങ്കിലാണ്’ ഉപയോക്താക്കളുടെ നിക്ഷേപങ്ങൾ സൂക്ഷിക്കുക. ഫെഡറൽ ഡെപ്പോസിറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ (FDIC) വഴി 2,50,000 ഡോളർ വരെയുള്ള ഇൻഷുറൻസ് പരിരക്ഷയും നിക്ഷേപങ്ങൾക്ക് ലഭിക്കും.
യു.എസിലെ നിലവിലെ ബാങ്കിങ് നിരക്കുകളെക്കാൾ ആകർഷകമായി, നിക്ഷേപങ്ങൾക്ക് പ്രതിവർഷം ആറ് ശതമാനം വരെ പലിശ നൽകുമെന്നാണ് ‘എക്സ് മണി’ അവകാശപ്പെടുന്നത്. ചൈനയിലെ ജനപ്രിയ ആപ്പായ ‘വീചാറ്റ്’ മാതൃകയിൽ എക്സിനെ മാറ്റിയെടുക്കുകയാണ് ലക്ഷ്യമെന്ന് ഇലോൺ മസ്‌ക് മുൻപ് വ്യക്തമാക്കിയിരുന്നു.
