വടകര: വടകരയിൽ നിർമാണത്തിലിരുന്ന മതിലിടിഞ്ഞുവീണ് രണ്ട് തൊഴിലാളികൾക്ക് പരിക്കേറ്റു. പുത്തൂർ സ്വദേശി ശശി, ഇളയടം സ്വദേശി അജിത എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെയോടെയായിരുന്നു അപകടം. വടകര ജില്ലാ ആശുപത്രിക്ക് സമീപമുള്ള വീടിനോട് ചേർന്നുള്ള മതിലാണ് ഇടിഞ്ഞുവീണത്. നേരത്തെ തകർന്നുകിടന്നിരുന്ന മതിൽ പുനർനിർമിക്കുന്നതിനിടെ പെട്ടെന്ന് മതിൽ ഇരുവരുടെയും ദേഹത്തേക്ക് പതിക്കുകയായിരുന്നു. കല്ലുകൾക്കിടയിൽ കുടുങ്ങിപ്പോയ തൊഴിലാളികളെ വീട്ടുകാരും പ്രദേശവാസികളും ചേർന്നാണ് പുറത്തെടുത്തത്.
അപകടത്തിൽ കാലിന് പരിക്കേറ്റ ശശിയെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സാരമായി പരിക്കേറ്റ അജിത വടകര ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
