അമേരിക്കയിൽ ഇന്ത്യൻ ശാസ്ത്രജ്ഞനും കുടുംബവും അപകടത്തിൽപെട്ടു; ഭാര്യയും രണ്ട് മക്കളും മരിച്ചു, രണ്ട് പേർ അത്യാസന്ന നിലയിൽ ചികിത്സയിൽ

അമേരിക്കയിലെ കാലിഫോർണിയയിലുണ്ടായ വാഹനാപകടത്തിൽ ഹൈദരാബാദ് സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. ശാസ്ത്രജ്ഞനായ പിതാവും ഇളയ മകളും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനും പരിക്കേറ്റവരെ ശുശ്രൂഷിക്കുന്നതിനും വിസ സഹായം തേടിയിരിക്കുകയാണ് തെലങ്കാനയിലുള്ള കുടുംബാംഗങ്ങൾ.
കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഹൈദരാബാദ് സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേർ കൊല്ലപ്പെട്ടു. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. നാസിയ സൽമ (45) മകൾ ഹഫീസ നേഹ ഷെയ്ഖ് (19) മകൻ ഹഫീസ് ഒമർ (14) എന്നിവരാണ് മരിച്ചത്. നാസിയയുടെ ഭർത്താവ് ഷെയ്ഖ് അബ്ദുൾ നവീദ്, ഇളയ മകൾ ഖദീജ ഷെയ്ഖ് (7) എന്നിവർ ഗുരുതരാവസ്ഥയിൽ കാലിഫോർണിയയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

ഹൈദരാബാദിലെ സെയ്ദാബാദ് വാണി നഗർ സ്വദേശികളാണ് ഈ കുടുംബം. കഴിഞ്ഞ 19 വർഷമായി അമേരിക്കയിൽ താമസിക്കുന്ന അബ്ദുൾ നവീദ്, ഇവിടെ ശാസ്ത്രജ്ഞനായി ജോലി ചെയ്തു വരികയായിരുന്നു. കുടുംബം സഞ്ചരിച്ചിരുന്ന കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽപെട്ട രണ്ടാമത്തെ വാഹനത്തിന്റെ ഡ്രൈവറും മരണപ്പെട്ടു. നാട്ടിലുള്ള ബന്ധുക്കൾ നവീദിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരിച്ചില്ല. സ്ഥലത്തുണ്ടായിരുന്ന യു.എസ് പൊലീസ് ഫോൺ എടുത്ത് അപകടവിവരം അറിയിക്കുകയായിരുന്നു. പരിക്കേറ്റവരെ ശുശ്രൂഷിക്കുന്നതിനും മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുമായി അടിയന്തര വിസ അനുവദിച്ചു നൽകാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് തെലങ്കാനയിലുള്ള കുടുംബാംഗങ്ങൾ അഭ്യർത്ഥിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *