സ്റ്റാഫ് റൂമിൽ വെച്ച് കാര്യങ്ങൾ ചോദിക്കുന്നതിനിടെ ക്രൂരത; അധ്യാപകൻ മകന്റെ മുഖത്തടിച്ചെന്ന് അമ്മ, അയിലൂരിൽ വിദ്യാർത്ഥിക്ക് മർദനമേറ്റ സംഭവത്തിൽ പരാതി

പാലക്കാട്: നെന്മാറ അയിലൂരിൽ ഏഴാംക്ലാസ്സുകാരനെ അധ്യാപകൻ മുഖത്തടിച്ചതായി പരാതി. സ്‌കൂളിലെ സോഷ്യൽ സയൻസ് അധ്യാപകനായ ഉദയൻ വിദ്യാർഥിയുടെ കണ്ണിന് താഴെ മർദിച്ചുവെന്നാണ് പരാതി. അയിലൂർ ഗവ. യു.പി സ്‌കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാർഥിക്കാണ് മർദനമേറ്റത്.

രണ്ടുദിവസം മുൻപ് അഞ്ചാം ക്ലാസ്സ് വിദ്യാർഥികളും ഏഴാം ക്ലാസ്സ് വിദ്യാർഥികളും തമ്മിൽ പ്രശ്‌നമുണ്ടായിരുന്നു. ഇത് ചോദിക്കാനായി മറ്റൊരു അധ്യാപകൻ വിദ്യാർഥിയെ സ്റ്റാഫ് റൂമിലേക്ക് വിളിപ്പിച്ചിരുന്നു. കാര്യങ്ങൾ ചോദിച്ചറിയുന്നതിനിടെയാണ് ഉദയൻ എന്ന അധ്യാപകൻ കുട്ടിയെ മർദിച്ചതെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. മർദനത്തെ തുടർന്ന് കുട്ടിക്ക് നീരുവന്നെന്നും നെന്മാറ ആശുപത്രിയിൽ ചികിത്സ തേടിയതായും അമ്മ പ്രതികരിച്ചു.

അതേസമയം, പ്രശ്‌നമുണ്ടായതിനാൽ ശാസിക്കുക മാത്രമാണ് ചെയ്തതെന്ന് അധ്യാപകനായ ഉദയൻ പ്രതികരിച്ചു. സഹപാഠികളുടെ മർദനത്തിലാണ് കുട്ടിക്ക് പരിക്കേറ്റതെന്നും പരാതിക്ക് പിന്നിൽ മറ്റ് താൽപര്യങ്ങളുണ്ടെന്ന് സംശയിക്കുന്നതായും അധ്യാപകൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *