സ്വകാര്യഭാഗത്ത് മെൻസ്ട്രൽ കപ്പിൽ എംഡിഎംഎ; സരിതയും കൂട്ടാളിയും എറണാകുളത്ത് പിടിയിൽ

കൊച്ചി: സ്വകാര്യഭാഗത്ത് മെൻസ്ട്രൽ കപ്പിനുള്ളിൽ ലഹരിമരുന്ന് ഒളിപ്പിച്ച് കടത്തിയ യുവതിയേയും കൂട്ടാളിയേയും ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന എംഡിഎംഎയുമായി എക്സൈസ് സംഘം പിടികൂടി. ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശി മുഹമ്മദ് ഷാഫി, ആലപ്പുഴ സ്വദേശിനി സരിത എന്നിവരാണ് എറണാകുളത്തെ ഹോട്ടലിൽ വെച്ച് പിടിയിലായത്. ബെംഗളൂരുവിൽ നിന്നും വൻതോതിൽ ലഹരിവസ്‌തുക്കൾ വാങ്ങി എറണാകുളത്തെയും ആലപ്പുഴയിലെയും വിവിധ ലോഡ്‌ജുകളിൽ മുറിയെടുത്ത് വിൽപന നടത്തുകയായിരുന്നു ഇവരുടെ പതിവ്.

​കപ്പിൽ എംഡിഎംഎ നിറച്ച് ഒരു ഭാഗം പശവച്ച് അടച്ച ശേഷം സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച് കടത്തുന്ന അതീവ രഹസ്യമായ രീതിയായിരുന്നു സരിതയുടേത്. ബെംഗളുരുവിൽ നിന്ന് ബസിൽ വരുന്ന വഴി കണ്ണൂർ ഇരിട്ടിയിൽ വെച്ച് എക്സൈസ് പരിശോധന നടത്തിയിരുന്നെങ്കിലും, സരിതയുടെ ഈ ഒളിപ്പിക്കൽ രീതി കാരണം അന്ന് ലഹരിമരുന്ന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ഇരുവരും എക്സൈസിന്റെ കൃത്യമായ നിരീക്ഷണത്തിലായിരുന്നു.

​ഇവരിൽ നിന്ന് വിപണിയിൽ ലക്ഷക്കണക്കിന് രൂപ വിലവരുന്ന മൊത്തം 94.032 ഗ്രാം എംഡിഎംഎയും, മൊബൈൽ ഫോണും, ലഹരി വിൽപനയിലൂടെ ലഭിച്ച 17,770 രൂപയും എക്സൈസ് പിടിച്ചെടുത്തു. എറണാകുളം സൗത്തിലെ ലോഡ്‌ജിൽ നിന്ന് 65.27 ഗ്രാം എംഡിഎംഎയുമായി മുഹമ്മദ് ഷാഫിയെയാണ് ആദ്യം കസ്റ്റഡിയിലെടുത്തത്. ഈ സമയം ആലപ്പുഴയിൽ ലഹരി വിൽക്കാൻ പോയിരുന്ന സരിതയെ രാത്രി എറണാകുളത്ത് തിരിച്ചെത്തിയപ്പോൾ എക്സൈസ് സംഘം പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ആലപ്പുഴയിലെ ഒരു വീട്ടിൽ സൂക്ഷിച്ചിരുന്ന 28.76 ഗ്രാം എംഡിഎംഎ കൂടി കണ്ടെടുത്തു. ഗ്രാമിന് 4,000 രൂപ നിരക്കിലാണ് ഇവർ ലഹരി വിറ്റിരുന്നത്. മുൻപ് ഹോംനഴ്‌സായിരുന്ന സരിതയും ഇന്റീരിയർ ഡിസൈനറായിരുന്ന ഷാഫിയും ലഹരി വിറ്റ ഉപഭോക്താക്കളെക്കുറിച്ച് എക്സൈസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. എറണാകുളം എക്സൈസ് ഇൻസ്പെക്ടർ അഭിരാജ് ആറിന്റെ നേതൃത്വത്തിലുള്ള ‘ഓപ്പറേഷൻ തണ്ടർ’ സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *