വടകര: വടകരയിൽ അധ്യാപകർ പ്രതികളായ എം.ഡി.എം.എ (MDMA) ലഹരിക്കേസിൽ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് പൊതുവിദ്യാഭ്യാസ വകുപ്പ്. എസ്.എസ്.കെ (SSK) അഡീഷണൽ സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടർ എം. കെ. ഷൈൻ മോന്റെ നേതൃത്വത്തിലുള്ള നാലംഗ സമിതിയാണ് കേസ് അന്വേഷിക്കുക. ഇത് സംബന്ധിച്ച് എസ്.എസ്.കെ പ്രൊജക്ട് ഡയറക്ടർ ഔദ്യോഗികമായി ഉത്തരവിറക്കി.
പേരാമ്പ്ര ബി.ആർ.സിയിലെ അധ്യാപികമാരായ കീർത്തന, കാവ്യ, നീഷ്മ എന്നിവരാണ് കേസിൽ അറസ്റ്റിലായത്. ലഹരിക്കേസിൽ പിടിയിലായതിന് പിന്നാലെ ഇവരെ മൂവരെയും ജോലിയിൽ നിന്നും പിരിച്ചുവിട്ടിരുന്നു.
പ്രതികളുടെ അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് കഴിഞ്ഞ ആറുമാസത്തിനിടെ കോടിക്കണക്കിന് രൂപയുടെ ലഹരി ഇടപാടുകൾ നടന്നതായി പോലീസ് കണ്ടെത്തി. അധ്യാപികയായ കീർത്തനയുടെ അക്കൗണ്ടിൽ 14 ലക്ഷം രൂപയും കാവ്യയുടെ അക്കൗണ്ടിൽ 9 ലക്ഷം രൂപയും എത്തിയതായി കണ്ടെത്തിയിട്ടുണ്ട്. കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുന്ന ഇവരുടെ അക്കൗണ്ടുകളിലെ വലിയ തുകയുടെ സാന്നിധ്യം ലഹരിവിൽപ്പനയിലൂടെ ലഭിച്ചതാണെന്ന നിഗമനത്തിൽ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികളിലേക്ക് പോലീസ് കടന്നു.
ലഹരി ഇടപാടുകൾക്കായി പ്രതികൾ ഉപയോഗിച്ചിരുന്നത് വിദേശ ഫോൺ നമ്പറുകളാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ഇവർക്ക് വിദേശത്തുനിന്ന് സാമ്പത്തികമോ മറ്റ് രീതിയിലുള്ളതോ ആയ സഹായങ്ങൾ ലഭിച്ചിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം.
