വീടിനെച്ചൊല്ലിയുള്ള തർക്കം: 45കാരനെ സഹോദര പുത്രൻ ചവിട്ടിക്കൊന്നു ;27-കാരൻ പിടിയിൽ

പത്തനംതിട്ട: പത്തനംതിട്ടയിൽ 45കാരനെ സഹോദര പുത്രൻ ചവിട്ടിക്കൊന്നു. പത്തനംതിട്ട കുളത്തുമൺ അംബേദ്കർ ഉന്നതിയിലെ കണ്ണൻ എന്ന അനിൽ (45) ആണ് മരിച്ചത്. സഹോദര പുത്രനായ സുധീഷ് (27) ആണ് അനിലിനെ കൊലപ്പെടുത്തിയത്. കുടുംബ വഴക്കാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ കൂടൽ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. വീടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രാഥമിക വിവരം. ചെങ്ങറയിലാണ് അനിൽ താമസിച്ചിരുന്നത്. കുളത്തുമണ്ണിലുള്ള കുടുംബവീടിനോട് ചേർന്ന് സുധീഷിന്റെ അച്ഛനും അനിലിൻ്റെ ജ്യേഷ്ഠനുമായ സുനിൽ നിർമിച്ച വീടുണ്ടായിരുന്നു. പ്രദേശത്ത് വരുമ്പോൾ അനിൽ ഇവിടെ താമസിക്കാറുണ്ടായിരുന്നു. സുനിൽ തമിഴ്‌നാട്ടിലാണ് താമസം.

സുധീഷ് കൊല്ലൻപടിയിൽ ഭാര്യയോടൊപ്പം വാടകയ്ക്കാണ് താമസിക്കുന്നത്. അനിൽ ഈ വീട്ടിൽ വന്നു താമസിക്കുന്നതിനെ ചൊല്ലി സുധീഷും അനിലും തമ്മിൽ മുൻപും വഴക്കുകൾ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. സംഭവം നടന്ന ദിവസവും ഇതേ വിഷയത്തെച്ചൊല്ലി തർക്കമുണ്ടായി. തുടർന്നുണ്ടായ അടിപിടിക്കിടെ അനിലിനെ സുധീഷ് ചവിട്ടുകയായിരുന്നു. ചവിട്ടേറ്റ് വീണ അനിലിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കൂടൽ പൊലീസും ബന്ധുക്കളും ചേർന്നാണ് അനിലിനെ കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. പൊലീസ് കസ്റ്റഡിയിലായ പ്രതി സുധീഷ് മുമ്പും പോക്സോ ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയായിട്ടുണ്ടെന്ന് കൂടൽ പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോന്നി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *