ഷൊർണൂർ റെയിൽവേ പ്ലാറ്റ്‌ഫോമിൽ കൈഞരമ്പ് മുറിച്ച യുവാവ് മെഡിക്കൽ കോളേജിൽ നിന്ന് ചാടിപ്പോയി; കൂടെയുണ്ടായിരുന്ന യുവതിയുമായുള്ള തർക്കത്തിനിടെയെന്ന് പോലീസ്

ഷൊർണൂർ: റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ കൈഞരന്പ് മുറിച്ച് ചോരയൊലിപ്പിച്ചുനിന്ന 22 വയസ്സുകാരനെ പോലീസ് ആശുപത്രിയിലാക്കിയെങ്കിലും ആശുപത്രിയിൽനിന്ന് ചാടിപ്പോയി. 19 വയസ്സുള്ള യുവതിയാണിയാൾക്കൊപ്പമുണ്ടായിരുന്നത്.

ചൊവ്വാഴ്ച രാത്രി 11 ഓടെയാണ് യുവതിയും യുവാവും സുഹൃത്തുക്കളും ഷൊർണൂർ റെയിൽവേ സ്റ്റേഷനിലെത്തിയത്. ഇതിനിടെ യുവതിയും യുവാവും തമ്മിൽ തർക്കമാവുകയും യുവാവ് കൈയിലെ ഞരമ്പ് മുറിക്കുകയും കൈയിലാകെ മുറിവുണ്ടാക്കുകയും ചെയ്തു.

മറ്റ് യാത്രക്കാർ പോലീസിനെ വിവരമറിയിച്ചു. റെയിൽവേ പോലീസ് എസ്.ഐ. അനിൽമാത്യുവും സംഘവും ചേർന്ന് ഇരുവരെയും തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലാക്കി. ചികിത്സയിലിരിക്കെ ബുധനാഴ്ചയാണ് കോഴിക്കോട് സ്വദേശിയായ യുവാവ് ചാടിപ്പോയതെന്ന് തൃശ്ശൂർ മെഡിക്കൽ കോളേജ് പോലീസ് റെയിൽവേ പോലീസിനെ അറിയിച്ചു.

തമ്മിൽതെറ്റിയതോടെയാണ് യുവാവ് കൈമുറിച്ചതെന്നാണ് ഇവർ പോലീസിനോട് പറഞ്ഞത്. ഇവർ ലഹരി ഉപയോഗിച്ചിരുന്നോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. കോഴിക്കോട്ടേക്കുള്ള യാത്രയിലായിരുന്നു ഇവരെന്നാണ് പോലീസ് പറയുന്നത്. ഇരുവരും പ്രായപൂർത്തിയായവരായതിനാൽ മറ്റ് നടപടികളൊന്നുമില്ലെന്ന് റെയിൽവേ പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *