അമ്പലപ്പുഴ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം
ഗുണ്ടകളുമായെത്തി കയ്യേറ്റശ്രമം എന്ന് ആരോപണം; ജി സുധാകരനെതിരെ CPIM പ്രതിഷേധം; എംഎൽഎ ഓഫീസിലേക്ക് നാളെ മാർച്ച്
ആലപ്പുഴ: ജി സുധാകരനെതിരെ പുന്നപ്രയിൽ പ്രതിഷേധത്തിനൊരുങ്ങി സിപിഐഎം. അമ്പലപ്പുഴയിൽ ജി സുധാകരൻ എംഎൽഎയും സിപിഐഎം പ്രവർത്തകരും തമ്മിലുണ്ടായ വാക്കേറ്റത്തെയും സംഘർഷത്തെയും തുടർന്നാണ് സിപിഐഎം പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. സുധാകരന്റെ എംഎൽഎ ഓഫീസിലേക്ക് നാളെ മാർച്ച് നടത്തും. അമ്പലപ്പുഴ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ മാർച്ച്.
ഗുണ്ടകളുമായി വന്ന് ജനപ്രതിനിധികളെയും പാർട്ടി നേതാക്കളെയും ജി സുധാകരൻ കയ്യേറ്റം ചെയ്‌തെന്ന് സിപിഐഎം നേതൃത്വം ആരോപിച്ചു. സുധാകരന്റെ കൂടെ വന്നയാളുടെ മർദ്ദനമേറ്റ് സിപിഐഎം നേതാവിന് പരിക്കേറ്റിരുന്നു
അമ്പലപ്പുഴയിൽ ജി സുധാകരൻ എംഎൽഎയും സിപിഐഎം പ്രവർത്തകരും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. അമ്പലപ്പുഴ നീർക്കുന്നം സ്‌കൂളിൽ വെച്ചായിരുന്നു തർക്കം. സ്‌കൂളിൽ നിന്ന് അനധികൃതമായി മണ്ണ് കടത്തുന്നു എന്ന ആരോപണം അന്വേഷിക്കാൻ എത്തിയതായിരുന്നു സുധാകരൻ. ഈ സമയം ഇവിടെയെത്തിയ അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തിലെ മുൻ സിപിഐഎം പ്രസിഡന്റും അംഗങ്ങളും ആണ് സുധാകരനുമായി തർക്കമുണ്ടായത്. സ്‌കൂളിലെ കെട്ടിടം പൊളിച്ച ശേഷം അവിടെ നിന്ന് മണ്ണ് അനധികൃതമായി കടത്തുന്നു എന്നായിരുന്നു സുധാകരന്റെ ആരോപണം.
കോൺഗ്രസ് പ്രവർത്തകരോടൊപ്പമായിരുന്നു സുധാകരൻ സ്‌കൂളിലേക്കെത്തിയത്. ആ സമയം സ്‌കൂൾ പിടിഎ പ്രസിഡന്റും മുൻ എംഎൽഎ എച്ച് സലാമിന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗമായിരുന്ന പ്രശാന്ത് കുട്ടി, അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹാരിസ് എന്നിവർ അവിടെയുണ്ടായിരുന്നു. തുടർന്ന് ഇരുകൂട്ടരും തമ്മിൽ വലിയ തർക്കമുണ്ടാകുകയായിരുന്നു. സുധാകരൻ ഉന്നയിച്ച ആരോപണം വ്യാജമാണെന്നാണ് സിപിഐഎം പ്രവർത്തകരുടെ വിശദീകരണം. മണ്ണ് മാറ്റിയതിന്റെ അടക്കം എല്ലാ രോഖകളും കൈവശമുണ്ടെന്നും അവർ പറയുന്നു. ജി സുധാകരന്റെ കൂടെയുണ്ടായിരുന്ന കോൺഗ്രസ് പ്രവർത്തകർ സിപിഐഎം നേതാക്കളെ കൈയ്യേറ്റം ചെയ്തതായി പരാതിയുണ്ട്. പ്രശാന്ത് കുട്ടി നലവിൽ വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സ തേടിയിരിക്കുകയാണ്.
അതേസമയം താൻ രാഷ്ട്രീയം കളിക്കാൻ വന്നതല്ലെന്നും സ്‌കൂളിൽ വെള്ളക്കെട്ടുണ്ടായത് മണ്ണ് എടുത്തതുകൊണ്ടാണെന്നുമായിരുന്നു ജി സുധാകരന്റെ ആരോപണം. എന്നാൽ സുധാകരൻ രാഷ്ട്രീയ ലക്ഷ്യം മുൻ നിർത്തിയാണ് പെരുമാറുന്നതെന്നാണ് സിപിഐഎം ആരോപിക്കുന്നത്. ഓൺലൈൻ മീഡിയക്കാരുമായെത്തി ഷോഓഫിനാണ് സുധാകരൻ ശ്രമിക്കുന്നതെന്നും ആരോപണമുണ്ടായി. ജി സുധാകരൻ സ്‌കൂളിലേക്ക് അതിക്രമിച്ചെത്തിയെന്നാണ് പിടിഎ പറയുന്നത്. ഒടുവിൽ അമ്പലപ്പുഴ പൊലീസ് എത്തിയായിരുന്നു ഇരു കൂട്ടരെയും പിരിച്ചു വിട്ടത്. മുൻ എംഎൽഎ എച്ച് സലാം അടക്കം വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്.