കാപ്പാ തടവുകാരനായ കൗൺസിലർ സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാൻ സാധിക്കുമോ എന്ന് ഹൈക്കോടതി സർക്കാരിനോട് ചോദിച്ചു. സത്യപ്രതിജ്ഞ അസാധുവായതിനെ തുടർന്ന് വീണ്ടും പ്രതിജ്ഞ ചെയ്യാൻ താൽക്കാലിക മോചനം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് കോടതിയുടെ ചോദ്യം
കൊച്ചി: കാപ്പാ തടവുകാരനായി ജയിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷൻ ബി ജെ പി കൗൺസിലർ ആർ സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാനാകുമോ എന്ന് സർക്കാറിനോട് ആരാഞ്ഞ് കോടതി. വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ കാപ്പാ തടവിൽ നിന്ന് താൽക്കാലികമായി മോചിപ്പിക്കണമെന്ന സുഗതൻറെ ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ ചോദ്യം. ഇക്കാര്യത്തിൽ തിങ്കളാഴ്ച മറുപടി നൽകാമെന്ന് സർക്കാർ ഹൈകോടതിയെ അറിയിച്ചു. കാപ്പ തടവിൽ നിന്ന് സുഗതനെ മോചിപ്പിക്കാൻ നിയമപരമായി കഴിയില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ചട്ടവിരുദ്ധമായി പല ദൈവങ്ങളുടെ പേരിൽ തിരുവനന്തപുരം കോർപ്പറേഷനിൽ പ്രതിജ്ഞ ചെയ്തതിന് ഹൈക്കോടതി സത്യപ്രതിജ്ഞ അസാധുവാക്കിയവരിൽ ഒരാളാണ് വാർഡ് 20 ലെ കൗൺസിലറായ സുഗതൻ. സുഗതനൊപ്പം അസാധുവാക്കപ്പെട്ടവരെല്ലാം ഇതിനകം സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സുഗതൻ ഹൈക്കോടതിയിലേക്ക് നീങ്ങിയത്.
നേരത്തെ നെടുമങ്ങാട് കോടതി രണ്ട് കേസുകളിൽ സുഗതന് ഇടക്കാല ജാമ്യം നൽകിയിരുന്നു. എന്നാൽ കാപ്പാ കേസിൽ നിന്ന് ജയിൽ മോചിതനായാൽ മാത്രമേ ഇടക്കാല ജാമ്യം ബാധകമാകു എന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ജയിൽ മോചനം തേടി സുഗതൻ ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ ജൂൺ 9 മുതൽ കാപ്പ ചുമത്തി നാടുകടത്തപ്പെട്ട സുഗതൻ നിലവിൽ വിയ്യൂർ സെൻട്രൽ ജയിലിലാണ്.
സുഗതൻറെ കേസുകൾ
2019 ഓഗസ്റ്റ് 25 ന് ഒരാളെ കല്ല് കൊണ്ട് തലക്കടിച്ചതിന് മനപ്പൂർവ്വമല്ലാത്ത നരഹത്യ ശ്രമം, 2023 ജൂലൈ 20 ന് മറ്റൊരാളുടെ വീട്ടിൽ അതിക്രമിച്ചു കയറി വാഹനങ്ങളും വീടും ആക്രമിച്ചു തകർത്തു, 2023 ജൂലൈ 17 ന് ഭർത്താവിന് എതിരെയുള്ള പകതീർക്കാൻ ഭാര്യയെ വീട്ടിൽ കയറി ആക്രമിച്ചു, 2025 മാർച്ച് 14 ന് ബിസിനസ് തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച കേസിൽ മനപൂർവ്വമല്ലാത്ത നരഹത്യശ്രമ കുറ്റം, 2025 ജൂലൈ 25 ന് സെക്യൂരിറ്റി ജീവനക്കാരന് പണം നൽകാത്തതിന് ജുഡീഷ്യൽ ഓഫീസറെ ഭീഷണിപ്പെടുത്തിയ കേസ്, 2026 ഫെബ്രുവരി 2 ന് അന്ന് എം എൽ എ ആയിരുന്ന വി കെ പ്രശാന്തിന്റെ പരാതിയിൽ ശിശുമന്ദിരം ജീവനക്കാരെ ഭീഷണിപ്പെടുത്തി മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് തടസ്സപ്പെടുത്തിയെന്ന കേസിലും പ്രതിയാണ് സുഗതൻ. ഈ കേസുകൾ എല്ലാം നിലനിൽക്കെയാണ് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ സുഗതനെ ബി ജെ പി വാഴോട്ടുകോണത്ത് സ്ഥാനാർഥിയാക്കിയത്.