ഇൻസ്റ്റഗ്രാം വഴിയുള്ള സൗഹൃദം: പതിനഞ്ചുകാരിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ച 19-കാരൻ പോക്സോ കേസിൽ അറസ്റ്റിൽ

തിരുവനന്തപുരം: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പത്താം ക്ലാസ് വിദ്യാർഥിനിയെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്ത സംഭവത്തിൽ 19-കാരൻ അറസ്റ്റിൽ. പോത്തൻകോട് പേരുത്തല സ്വദേശി അഖിലിനെയാണ് പോത്തൻകോട് പോലീസ് പോക്സോ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്തത്.

പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞിരുന്ന 15-കാരിയെ കറങ്ങാൻ പോകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പ്രതി സ്വന്തം വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന് ശേഷം പെൺകുട്ടിയുടെ നഗ്നദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ ഇയാൾ കുട്ടിയെ വീടിന് സമീപം ഇറക്കിവിട്ട് കടന്നുകളഞ്ഞു.

സംഭവത്തിന് ശേഷം പെൺകുട്ടിയുടെ പെരുമാറ്റത്തിൽ വ്യത്യാസം തോന്നിയ രക്ഷിതാക്കൾ കൗൺസിലിംഗിന് വിധേയയാക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. തുടർന്ന് പോലീസിൽ പരാതി നൽകിയെങ്കിലും തുടക്കത്തിൽ പ്രതിയെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ ലഭ്യമായിരുന്നില്ല.

എന്നാൽ, പ്രദേശത്ത് സംശയകരമായ സാഹചര്യത്തിൽ കണ്ട യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് ഇയാളാണ് കേസ്സിലെ പ്രതിയെന്ന് തിരിച്ചറിഞ്ഞത്. ഇയാളുടെ ഫോൺ പരിശോധിച്ച പോലീസ് പെൺകുട്ടിയുടെ ദൃശ്യങ്ങളും കണ്ടെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *