സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്, കള്ളക്കടൽ ജാഗ്രത


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്

തിരുവനന്തപുരം: രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ ശക്തി പ്രാപിക്കുന്നു. ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും യെല്ലോ അലേർട്ട് ആയിരിക്കും. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിൽ കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ), എറണാകുളം (മുനമ്പം മുതൽ മറുവക്കാട് വരെ), തൃശൂർ (ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ) ജില്ലകളിലെ തീരങ്ങളിൽ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നും നിർദേശമുണ്ട്. അതേസമയം ഇന്ന് സംസ്ഥാനത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല.

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം നിർദേശിച്ചു. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്. INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണമായി ഒഴിവാക്കേണ്ടതാണ്. മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക. തീരശോഷണത്തിന് സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തണമെന്നും കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *