ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഉറക്കം എത്രത്തോളം പ്രധാനമാണെന്ന് വ്യക്തമാക്കുന്ന പുതിയ പഠന റിപ്പോർട്ട് പുറത്ത്. ദിവസവും ഒരു മണിക്കൂർ ഉറക്കം കുറയുന്നത് പോലും ശരീരഭാരം വർദ്ധിക്കാൻ കാരണമാകുമെന്ന് കൊളംബിയ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു. ‘അനാൽസ് ഓഫ് ഇന്റേർണൽ മെഡിസിൻ’ എന്ന പ്രമുഖ അന്താരാഷ്ട്ര ജേർണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ദിവസവും ഏഴ് മുതൽ എട്ട് മണിക്കൂർ വരെ കൃത്യമായി ഉറങ്ങുന്ന 95 മുതിർന്ന വ്യക്തികളെ ഉൾപ്പെടുത്തി ആറാഴ്ചയോളം നടത്തിയ നിരീക്ഷണത്തിലാണ് ഈ കണ്ടെത്തൽ. പഠനത്തിന്റെ ഭാഗമായി ഇവരുടെ ഉറക്കം ശരാശരി 78 മിനിറ്റോളം കുറച്ചപ്പോൾ, ആറാഴ്ചയ്ക്കുള്ളിൽ ഇവരിൽ അരക്കിലോഗ്രാം വീതം ശരീരഭാരം വർദ്ധിച്ചതായി ഗവേഷകർ കണ്ടെത്തി. ഉറക്കക്കുറവ് അനുഭവപ്പെടുന്നവരിൽ ശാരീരിക പ്രവർത്തനങ്ങൾ കുറയുന്നതായും ഉദാസീനമായി വെറുതെയിരിക്കുന്ന സമയം വർദ്ധിക്കുന്നതായും പഠനത്തിൽ തെളിഞ്ഞു. കൂടാതെ ഉറക്കം കുറയുമ്പോൾ ആളുകൾ കൂടുതൽ ഭക്ഷണം കഴിക്കാനുള്ള പ്രവണത കാണിക്കുന്നുണ്ടെന്നും ഗവേഷണത്തിന് നേതൃത്വം നൽകിയ മേരി പിയറി വ്യക്തമാക്കുന്നു.
തുടർച്ചയായ ഉറക്കക്കുറവ് അരക്കെട്ടിന്റെ വണ്ണം കൂടുന്നതിനൊപ്പം പ്രമേഹം, ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ നിരവധി ജീവിതശൈലീ രോഗങ്ങളിലേക്ക് നയിക്കുമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.
സുഖകരമായ ഉറക്കത്തിനായി വിദഗ്ദ്ധർ നിർദ്ദേശിക്കുന്ന പ്രധാന കാര്യങ്ങൾ:
ഫോൺ ഉപയോഗം നിയന്ത്രിക്കുക: ഉറങ്ങാൻ കിടക്കുന്നതിന് കുറഞ്ഞത് മുക്കാൽ മണിക്കൂർ മുൻപെങ്കിലും മൊബൈൽ ഫോൺ, ടിവി എന്നിവയുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കുക. ഇവയിൽ നിന്നുള്ള പ്രകാശം ഉറക്കത്തിന് സഹായിക്കുന്ന മെലാടോണിൻ ഹോർമോണിന്റെ ഉത്പാദനത്തെ തടസ്സപ്പെടുത്തും.
അത്താഴം നേരത്തെയാക്കുക: ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുൻപെങ്കിലും ലഘുവായ അത്താഴം കഴിക്കുക. ഇത് അസിഡിറ്റിയും ദഹനക്കേടും ഒഴിവാക്കാൻ സഹായിക്കും. രാത്രി ഭക്ഷണത്തിൽ വറുത്തതും പൊരിച്ചതുമായ വിഭവങ്ങൾ, മാംസാഹാരം, പുളിയുള്ള പഴങ്ങൾ എന്നിവ ഒഴിവാക്കുന്നത് നന്നായിരിക്കും.
പാനീയങ്ങൾ നിയന്ത്രിക്കുക: രാത്രി കാലങ്ങളിൽ ചായ, കാപ്പി, കോള തുടങ്ങിയ പാനീയങ്ങൾ ഒഴിവാക്കുക. ഉറക്കം മുറിയാതിരിക്കാൻ കിടക്കുന്നതിന് തൊട്ടുമുൻപ് അമിതമായി വെള്ളം കുടിക്കുന്നതും നിയന്ത്രിക്കണം.
മനസ്സ് ശാന്തമാക്കുക: ഉറങ്ങുന്നതിന് മുൻപ് ലഘുവായ സംഗീതം കേൾക്കുകയോ പുസ്തകം വായിക്കുകയോ ചെയ്യുന്നത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും.