കണ്ണൂർ: പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ അതീവ ഗുരുതരാവസ്ഥയിലായ ഒന്നര വയസ്സുകാരൻ മരിച്ചു. എരമം സ്വദേശികളായ സൂരജ് – വിജിഷ ദമ്പതികളുടെ മകൻ ദേവാൻഷ് ശൗര്യയാണ് മരിച്ചത്. ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം നൽകിയ പരാതിയിൽ ആശുപത്രിയിലെ അനസ്തേഷ്യ ഡോക്ടർക്കെതിരെ പോലീസ് നേരത്തെ കേസെടുത്തിരുന്നു. എട്ടു വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ ദമ്പതികൾക്ക് ഉണ്ടായ കൺമണിയാണ് ദേവാൻഷ്.
കഴിഞ്ഞ ഞായറാഴ്ചയാണ് കളിക്കുന്നതിനിടെ വീണ് ചുണ്ടിനും താടിക്കും മുറിവേറ്റ കുട്ടിയെ മാതാപിതാക്കൾ പയ്യന്നൂരിലെ ആശുപത്രിയിൽ എത്തിച്ചത്. മുറിവ് തുന്നിക്കെട്ടുന്നതിനിടെ കുട്ടി അമിതമായി കരഞ്ഞതോടെ അനസ്തേഷ്യ നൽകാൻ ഡോക്ടർ തീരുമാനിക്കുകയായിരുന്നു. എന്നാൽ അനസ്തേഷ്യ നൽകിയ ഉടൻ കുട്ടി ബോധരഹിതനാവുകയും ഹൃദയാഘാതമുണ്ടാവുകയും ചെയ്തു. തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയ കുട്ടിയെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുട്ടിക്ക് അമിത അളവിൽ അനസ്തേഷ്യ നൽകിയതാണ് വൻ ദുരന്തത്തിന് കാരണമായതെന്നും ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയാണ് ഉണ്ടായതെന്നും കുടുംബം ആരോപിക്കുന്നു. ബന്ധുക്കളുടെ പരാതിയിൽ അനസ്തേഷ്യ ഡോക്ടർ അഞ്ജലി പൊതുവാളിനെതിരെ ഭാരതീയ ന്യായ സംഹിതയിലെ (BNS) വകുപ്പ് 125 പ്രകാരം പയ്യന്നൂർ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണ്. കുഞ്ഞിന്റെ വിയോഗത്തോടെ പ്രദേശത്ത് വൻ പ്രതിഷേധവും നിലനിൽക്കുന്നുണ്ട്.