ശബരിമലയിലെ വ്യാജ നെയ്യ് വിതരണം: മിൽമ ഉദ്യോഗസ്ഥരെ ദേവസ്വം ജീവനക്കാർ സഹായിച്ചതായി വിജിലൻസ് കണ്ടെത്തൽ

പത്തനംതിട്ട: ശബരിമലയിൽ മിൽമയുടെ വ്യാജ നെയ്യ് എത്തിക്കാൻ മിൽമ ഉദ്യോഗസ്ഥരെ ദേവസ്വം ജീവനക്കാർ സഹായിച്ചുവെന്ന് കണ്ടെത്തൽ. ദേവസ്വം ബോർഡിൽ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ പദവി വഹിച്ചയാളാണ് ഇടനിലക്കാരനായി പ്രവർത്തിച്ചത്. ഇത് സംബന്ധിച്ച് ദേവസ്വം ബോർഡ് ഭരണസമിതിക്കും മിൽമ ഭരണസമിതിക്കും വിവരം ലഭിച്ചെങ്കിലും അന്വേഷണത്തിന് തയ്യാറായില്ലെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. ദേവസ്വം വിജിലൻസിന്റെ പ്രാഥമിക റിപ്പോർട്ടിലാണ് ക്രമക്കേട് അക്കമിട്ട് നിരത്തുന്നത്. ഉദ്യോഗസ്ഥരുടെ സാമ്പത്തിക ഇടപാട് പരിശോധിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.

മിൽമ ജീവനക്കാരെ ഉദ്യോഗസ്ഥർ സഹായിച്ചുവെന്ന പ്രാഥമിക നിഗമനത്തിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കാൻ തീരുമാനിച്ചിരുന്നു. ഇതിലാണ് ഒന്നരലക്ഷത്തിലേറെ ലിറ്റർ മായം കലർന്ന നെയ്യ് വിതരണം ചെയ്തതിന് പിന്നിൽ ആസൂത്രിത നീക്കമെന്ന് കണ്ടെത്തുന്നത്. ഗുണനിലവാരം കുറഞ്ഞ നെയ്യ് എത്തിച്ചതിലെ സാമ്പത്തിക നഷ്ടം അന്വേഷിക്കാൻ ക്ഷീരവികസന വകുപ്പ് ജോയിന്റ് ഡയറക്ടർ ഷീബ ഖമറിന്റെ നേതൃത്വത്തിൽ നാലംഗ സമിതിയെ നിയോഗിച്ചിരുന്നു.

വിഷയത്തിൽ അന്വേഷണം നടത്താൻ മന്ത്രി ദേവസ്വം സെക്രട്ടറിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ശബരിമലയിലേയ്ക്കുള്ള മിൽമയുടെ നെയ്യ് വിതരണത്തിൽ ഗുരുതര ക്രമക്കേട് നടന്നതായി ക്ഷീരവികസന വകുപ്പ് അന്വേഷണ റിപ്പോർട്ടിൽ വ്യക്തമായിരുന്നു. ഒന്നര ലക്ഷം ലിറ്ററിലധികം നിലവാരമില്ലാത്ത നെയ്യ് സന്നിധാനത്ത് എത്തിയതായും ഇതിലൂടെ മിൽമയ്ക്ക് 85 ലക്ഷം രൂപയ്ക്കുമേൽ നഷ്ടമുണ്ടായതായുമാണ് റിപ്പോർട്ടിൽ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *