ബെംഗളൂരു: കണ്ണൂർ പയ്യന്നൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് സർവീസ് നടത്തിയ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസിന് തീപിടിച്ചു. ശനിയാഴ്ച രാവിലെ 6:45-ഓടെ ബെംഗളൂരു കെങ്കേരി ജ്ഞാനഭാരതി മെട്രോ സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്. ബസിന്റെ മുൻഭാഗം തീപിടിത്തത്തിൽ പൂർണമായും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
യാത്രയുടെ അവസാന ഘട്ടമായിരുന്നതിനാൽ വലിയൊരു ദുരന്തമാണ് ഒഴിഞ്ഞുപോയത്. അപകടസമയത്ത് ഡ്രൈവർക്കും കണ്ടക്ടർക്കും പുറമെ രണ്ട് യാത്രക്കാർ മാത്രമാണ് ബസിലുണ്ടായിരുന്നത്. ബസിന്റെ മുൻഭാഗത്തുനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ഡ്രൈവർ സമയോചിതമായി ബസ് നിർത്തി യാത്രക്കാരെയും ജീവനക്കാരെയും പുറത്തിറക്കുകയായിരുന്നു.
വിവരമറിഞ്ഞ് കെങ്കേരിയിൽ നിന്നും അഗ്നിരക്ഷാസേന ഉടൻ സ്ഥലത്തെത്തിയാണ് തീ പൂർണ്ണമായും അണച്ചത്. ഡ്രൈവറുടെ കൃത്യമായ ഇടപെടൽ കാരണം സംഭവത്തിൽ ആർക്കും പരിക്കേൽക്കാതെ വലിയ ദുരന്തം ഒഴിവാകുകയായിരുന്നു.
