വടകരയിലെ 17-കാരന്റെ ആത്മഹത്യ: കാരണം ലഹരി ആരോപിച്ചുള്ള ആൾക്കൂട്ട മർദ്ദനവും ഭീഷണിയുമെന്ന് സുഹൃത്തുക്കൾ

വടകര: വടകരയിലെ പതിനേഴുകാരൻ അഭിജിത് ജീവനൊടുക്കിയത് ആൾക്കൂട്ട മർദ്ദനത്തിലും വിചാരണയിലും മനംനൊന്തെന്ന് പരാതി. നാട്ടുകാരായ ആറു പേർ അതിക്രൂരമായി തങ്ങളെ മർദ്ദിച്ചെന്ന് അഭിജിത്തിന്റെ സുഹൃത്തുക്കൾ പറഞ്ഞു. അഭിജിത്തിനെ ജോലിസ്ഥലത്ത് നിന്ന് വിളിച്ച് വരുത്തിയാണ് മർദ്ദിച്ചത്. ലഹരി ഉപയോഗിക്കുന്നുണ്ട് എന്നായിരുന്നു ആരോപണം. വീട്ടിൽ പറയുമെന്ന് അഭിജിത്തിനെ ഭീഷണിപ്പെടുത്തിയെന്നും കാറിലേക്ക് വലിച്ച് കയറ്റി മർദ്ദിക്കാൻ ശ്രമിച്ചുവെന്നും സുഹൃത്തുക്കൾ പറഞ്ഞു.

സംഭവത്തിൽ കുടുംബം നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അഴിയൂർ സ്വദേശിയായ അഭിജിത്തിനെ കഴിഞ്ഞ ഞായറാഴ്ചയാണ് വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഇതിന് രണ്ട് ദിവസം മുൻപ് നാട്ടുകാരായ ഒരു സംഘം യുവാക്കൾ അഭിജിത്തിനെയും സുഹൃത്തുക്കളെയും ക്രൂരമായി മർദ്ദിച്ചു എന്നാണ് പരാതി.

അഭിജിത്തിന്റെ ഫോൺ സംഘം പിടിച്ചു വാങ്ങിയിരുന്നു. ഇതിലെല്ലാം മനംനൊന്താണ് അഭിജിത്ത് ജീവനൊടുക്കിയത് എന്ന് കുടുംബം പറയുന്നു. നിലവിൽ അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. കുടുംബം നൽകിയ പരാതിയിൽ കൂടുതൽ അന്വേഷണത്തിലേക്ക് കടന്നിരിക്കുകയാണ് പൊലീസ്.

Leave a Reply

Your email address will not be published. Required fields are marked *