ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മർദിച്ചു; രണ്ടുപേർ പിടിയിൽ; കൂട്ടുപ്രതികൾക്കായി തെരച്ചിൽ ഊർജിതം

ആലപ്പുഴയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച കേസിൽ രണ്ടുപേർ പിടിയിലായി. കോടംതുരുത്ത്, എഴുപുന്ന സ്വദേശികളായ ആഷിക്, സജിത്ത് എന്നിവരാണ് പിടിയിലായത്. മറ്റ് പ്രതികൾക്കായി തെരച്ചിൽ നടക്കുന്നു.
കുത്തിയതോട്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച കേസിൽ രണ്ടുപേരെ കുത്തിയതോട് പൊലീസ് അറസ്റ്റ് ചെയ്തു. ചേർത്തല കോടംതുരുത്ത് പഞ്ചായത്ത് മൂന്നാം വാർഡിൽ കാട്ടാത്ത് കോളനിയിൽ ആഷിക്, എഴുപുന്ന പഞ്ചായത്ത് രണ്ടാം വാർഡിൽ തോട്ടുങ്കൽ തറയിൽ സജിത്ത് എന്നിവരാണ് പിടിയിലായത്. ഒന്നും രണ്ടും പ്രതികളായ ഇവരെ കരുമാഞ്ചേരി ഭാഗത്തുനിന്നാണ് അന്വേഷണസംഘം പിടികൂടിയത്. ഈ കേസിലെ കൂട്ടുപ്രതികളിലൊരാൾ പ്രായപൂർത്തിയാകാത്തയാളാണ്.

സെപ്റ്റംബർ എട്ടിന് വൈകിട്ടായിരുന്നു കേസിനാസ്പദമായ സംഭവം. ചേർത്തല ചാവടി ഭാഗത്തുനിന്നും കുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതികൾ സജിത്തിന്റെ വീട്ടിലെത്തിച്ച് ക്രൂരമായി മർദിക്കുകയായിരുന്നു. കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ പൊലീസ് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ അതിവിദഗ്ധമായി പിടികൂടുകയായിരുന്നു. മറ്റ് പ്രതികൾക്കായുള്ള തെരച്ചിൽ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.

ആലപ്പുഴ ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രദീപ് ടി കെ ഐപിഎസിന്റെ നിർദേശാനുസരണം ചേർത്തല ഡെപ്യൂട്ടി സൂപ്രണ്ട് മഞ്ജു ലാലിന്റെ മേൽനോട്ടത്തിൽ കുത്തിയതോട് സർക്കിൾ ഇൻസ്പെക്ടർ ലിജിൻ ജോസഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്. സബ് ഇൻസ്പെക്ടർമാരായ ജോസ് സി ദേവസ്യ, സുനിൽകുമാർ, ഉണ്ണി, സിപിഒമാരായ സുനിൽ ലാൽ, രജീഷ്, റോബിൻ, രഞ്ജിത്ത് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *