തിരുവനന്തപുരം: അധ്യാപികയുടെ മർദ്ദനത്തിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയുടെ കൈവിരലിന് പരിക്കേറ്റതായി പരാതി. കടയ്ക്കാവൂർ കവലയൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനിക്കാണ് മർദ്ദനമേറ്റത്. ഇംഗ്ലീഷ് അധ്യാപികയാണ് കുട്ടിയെ മർദ്ദിച്ചതെന്നാണ് പരാതി. ക്ലാസ്സിൽ വേഗത്തിൽ എഴുതിയില്ലെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. വെള്ളിയാഴ്ച വൈകിട്ട് റിനി എന്ന അധ്യാപികയാണ് കുട്ടിയെ മർദ്ദിച്ചതെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. ഒരു കുട്ടിയെയും ഇത്തരത്തിൽ ഉപദ്രവിക്കരുതെന്നും തങ്ങൾക്ക് നീതി കിട്ടുന്നതുവരെ നിയമപരമായി പോരാടുമെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. മർദ്ദനത്തിൽ കുട്ടിയുടെ വലത് കൈവിരലിന് പരിക്കേറ്റിട്ടുണ്ട്. ഭയം കാരണം കുട്ടി ആദ്യം ഈ വിവരം വീട്ടിൽ പറഞ്ഞിരുന്നില്ലെന്നും രക്ഷിതാക്കൾ പറഞ്ഞു.

പിറ്റേന്ന് വിരലിൽ നീര് കണ്ട് ചോദിച്ചപ്പോഴാണ് അധ്യാപിക മർദ്ദിച്ച കാര്യം പുറത്തറിഞ്ഞത്. കൈവിരലിലെ ലിഗമെന്റിനാണ് കുട്ടിക്ക് പരിക്ക് സംഭവിച്ചത്. വിരലിന് ഗുരുതരമായി പരിക്കേറ്റ കുട്ടിയുടെ കയ്യിൽ നിലവിൽ പ്ലാസ്റ്ററിട്ടിരിക്കുകയാണ്. മർദ്ദനമേറ്റ ദിവസം കുട്ടിക്ക് കടുത്ത പനി ബാധിച്ചതായും പരാതിയിലുണ്ട്. കടക്കാവൂർ പൊലീസിലും സാമൂഹ്യ ക്ഷേമ വകുപ്പിലുമാണ് രക്ഷിതാക്കൾ പരാതി നൽകിയത്.
അതേസമയം കുട്ടികൾ സംസാരിച്ചപ്പോൾ എല്ലാകുട്ടികളെയും അധ്യാപിക അടിച്ചതായും അങ്ങനെ പരിക്കേറ്റ കുട്ടിക്കും അടി കിട്ടികാണുമെന്നാണ് സ്‌കൂളിന്റെ ഭാഗത്തെ പ്രതികരണം. ഒന്നാം ക്ലാസ് വിദ്യാർത്ഥിയായതിനാൽ ചെറിയ ശിക്ഷാ നടപടിയാണ് സ്വീകരിച്ചതെന്നും സ്‌കൂൾ അധികൃതർ പറയുന്നു.
