ലോ കോളേജ് വിദ്യാർത്ഥിനിക്ക് നേരെ പട്ടാപ്പകൽ ലൈംഗികാതിക്രമം; തമിഴ്‌നാട് സ്വദേശികളായ രണ്ടുപേർ പോലീസിന്റെ പിടിയിൽ

തിരുവനന്തപുരം: പാറശ്ശാലയിൽ പട്ടാപ്പകൽ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം. ചെറുവാരക്കോണം ലോ കോളേജ് വിദ്യാർഥിനിക്കാണ് ദുരനുഭവം നേരിടേണ്ടിവന്നത്. ഇരുചക്ര വാഹനത്തിൽ എത്തിയ രണ്ടംഗസംഘമാണ് വിദ്യാർഥിനിയെ കടന്നു പിടിക്കാൻ ശ്രമിച്ചത്.

ചെറുവാരക്കോണം സിഎസ്‌ഐ ലോ കോളജിലെ അവസാന വർഷ പരീക്ഷ എഴുതിയ ശേഷം ഉച്ചഭക്ഷണം കഴിക്കാനായി കാരുണ്യ ഹോട്ടലിൽ എത്തിയതായിരുന്നു വിദ്യാർഥിനികൾ. ഭക്ഷണം കഴിച്ചശേഷം ബഥേൽ ഹോസ്റ്റലിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. ചെറുവാരക്കോണം ആർപിഎസ് ട്രേഡേഴ്‌സിന് സമീപം വെച്ച് ഇരുചക്ര വാഹനത്തിലെത്തിയ രണ്ടംഗസംഘം വിദ്യാർഥിനികളിൽ ഒരാളെ കടന്നു പിടിച്ച ശേഷം അതിവേഗത്തിൽ കടന്നുകളയുകയായിരുന്നു.

വിദ്യാർഥിനി ആദ്യം പാറശ്ശാല പൊലീസിൽ പരാതി നൽകിയെങ്കിലും സംഭവം നടന്നത് തമിഴ്‌നാട് അതിർത്തി പ്രദേശമായതിനാൽ കളിയിക്കാവിള പൊലീസിനെ ബന്ധപ്പെടാൻ നിർദ്ദേശിക്കുകയായിരുന്നു. തുടർന്ന് വിദ്യാർഥിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കളിയിക്കാവിള പൊലീസ് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.

സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികളെ അതിവേഗത്തിൽ പൊലീസ് പിടികൂടി. ബൈക്ക് ഓടിച്ചിരുന്ന കുരുന്തൻകോട് സ്വദേശി ഭാരതി ബാബുവിനെയും വിദ്യാർഥനയ്ക്കു നേരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ച 17 കാരനെയും ആണ് കളിയിക്കാവിള പൊലീസ് പിടികൂടിയത്. പ്രതികളെ ഇന്ന് കുഴിത്തുറ കോടതിയിൽ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *