തിരുവനന്തപുരം: മാസപ്പടി-ഹവാല ആരോപണങ്ങളിൽ മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് കേസെടുക്കും. തിരുവനന്തപുരം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റായിരിക്കും കേസെടുക്കുക. ഹൈക്കോടതി ഉത്തരവ് അനുസരിച്ചാകും വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത്. തിങ്കളാഴ്ച എഫ്ഐആർ രജിസ്റ്റർ ചെയ്യും എന്നാണ് വിവരം. എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന ഹൈക്കോടതി ഉത്തരവ് ഇന്നലെ വിജിലൻസ് ഡയറക്ടറേറ്റിൽ ലഭിച്ചിട്ടുണ്ട്. ഹൈക്കോടതി ഉത്തരവ് വിജിലൻസ് ഡയറക്ടറേറ്റ് പരിശോധിക്കുകയാണ്. ക്രൈംബ്രാഞ്ച് ഇതേവരെയുളള അന്വേഷണ രേഖകൾ വിജിലൻസിന് കൈമാറിയിട്ടുണ്ട്.

സർക്കാർ അപ്പീൽ പോകില്ല
മാസപ്പടിയിൽ കേസെടുക്കമെന്ന ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകില്ല. കോടതി നിർദേശം അനുസരിച്ച് അഴിമതി നിരോധന നിയമപ്രകാരം വിജിലൻസ് കേസെടുക്കും. ഉത്തരവ് അനുസരിക്കുമെന്നും സർക്കാർ അനാവശ്യ ധൃതി കാണിച്ചില്ലെന്നും മുഖ്യമന്ത്രി ഇന്നലെ പ്രതികരിച്ചിരുന്നു. പ്രാഥമികാന്വേഷണത്തിന് എസ്ഐടി രൂപീകരിച്ചത് റദ്ദാക്കിയത് ഉൾപ്പെടെ സർക്കാരിനും കേസെടുക്കാൻ കോടതി ഉത്തരവിട്ടത് എൽഡിഎഫിനും തിരിച്ചടിയാണ്. ഇഡി സമർപ്പിച്ച വിവരങ്ങളിൽ കേസെടുക്കുന്നതിന് മതിയായ തെളിവുണ്ടെന്ന് കോടതി നിരീക്ഷിച്ചു. അഴിമതിക്ക് വ്യക്തമായ തെളിവുകളുണ്ടായിട്ടും കേസെടുത്ത് മുന്നോട്ട് പോകുന്നതിന് പകരം ക്രൈംബ്രാഞ്ചിൻറെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത് നിയമവിരുദ്ധമെന്ന് ഹൈക്കോടതി ഉത്തരവിലുണ്ട്. എസ്ഐടി രൂപീകരണം നിയവിരുദ്ധമെന്ന ഹൈക്കോടതി നിരീക്ഷണം സംസ്ഥാനസർക്കാരിനും വലിയ തിരിച്ചടിയാണ്. കാലതാമസമില്ലാതെ അന്വേഷണം പൂർത്തിയാക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്.

