13കാരിയുടെ വ്യാജ പീഡന പരാതി: കസ്റ്റഡിയിൽ ക്രൂരമായി മർദിച്ചെന്ന് ആരോപിച്ച് 20കാരൻ ആഭ്യന്തരമന്ത്രിക്ക് പരാതി നൽകി

പത്തനംതിട്ട: പത്തനംതിട്ടയിൽ സഹപാഠികൾ പീഡിപ്പിച്ചുവെന്ന 13 കാരിയുടെ വ്യാജ പരാതിയിൽ കസ്റ്റഡിയിൽ എടുത്ത പൊലീസ് മർദിച്ചുവെന്ന് ആരോപിച്ച് 20കാരൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നൽകി. കൂടൽ എസ്‌ഐ ജയമോഹനും സംഘവും മർദിച്ചതായാണ് യുവാവിന്റെ പരാതി.സിവിൽ വേഷത്തിൽ പൊലീസ് തന്റെ വീട്ടിലെത്തുകയും ബലപ്രയോഗത്തിലൂടെ വാഗണർ കാറിൽ കയറ്റുകയും ചെയ്തു. നിയമ വിരുദ്ധമായി കസ്റ്റഡിയിലെടുത്തു കൊണ്ടുപോയി. പൊലീസ് തിരിച്ചും മറിച്ചും തന്നെ ചോദ്യം ചെയ്തുവെന്നും യുവാവ് പറയുന്നു.

പരാതിക്കാരെ തനിക്ക് അറിയില്ല എന്ന് പൊലീസിനോട് പറഞ്ഞുവെന്നും ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ ആളാണെന്ന് പൊലീസിനോട് പറഞ്ഞിട്ടും തന്റെ വാക്കുകൾ വിലയ്‌ക്കെടുത്തില്ലെന്നും യുവാവ് പരാതിയിൽ ചൂണ്ടിക്കാട്ടി. എസ്‌ഐയും സംഘവും തന്നെ ക്രൂരമായി മർദിച്ചു. ലാത്തി ഉപയോഗിച്ച് തന്റെ കാൽവെള്ളയിൽ ക്രൂരമായി അടിച്ചു. ബൂട്ടിട്ട കാലുകൾ കൊണ്ട് തന്റെ കാൽ ചവിട്ടി ചതച്ചു. ചെവിയിൽ പിടിച്ച് ശക്തമായി മുകളിലേക്ക് വലിച്ചുപൊക്കി. ചെവിക്ക് ഗുരുതരമായ ക്ഷതമേറ്റു. ജൂലൈ നാലിന് വൈകിട്ട് ആറുമണിയോടെ നിയമവിരുദ്ധ കസ്റ്റഡിയിൽ നിന്ന് തന്നെ വിട്ടയച്ചു. തന്നെ മർദിച്ച പൊലീസിനെതിരെയും വ്യാജ പരാതി നൽകിയവർക്കെതിരെയും നിയമനടപടി സ്വീകരിക്കണമെന്നും യുവാവ് പരാതിയിൽ ആവശ്യപ്പെട്ടു. അതേസമയം മർദിച്ചുവെന്ന യുവാവിന്റെ ആരോപണത്തിൽ പൊലീസിനെതിരെ വ്യാപക വിമർശനം ഉയർന്നിട്ടുണ്ട്. കുറ്റക്കാരായ പൊലീസുകാരെ പിരിച്ചുവിടണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. സിപിഐഎം, ഡിവൈഎഫ്‌ഐ പ്രവർത്തകർ ഇന്ന് കൂടൽ പൊലീസ് സ്റ്റേഷൻ ഉപരോധിക്കും.

പൊലീസിൽ നിന്ന് മർദനമേറ്റുവെന്ന വിവരം 20 കാരൻ പറഞ്ഞിരുന്നു. വീട്ടിൽ നിന്ന് വിളിച്ചുകൊണ്ടുപോയി മർദിച്ചുവെന്നായിരുന്നു യുവാവ് വെളിപ്പെടുത്തിയത്. കാൽവെള്ളയുടെ അടിയിൽ ചൂരൽകൊണ്ട് അടിച്ചുവെന്നും തലമുടിയിലും ചെവിയിലും പിടിച്ച് മുകളിലേക്ക് ഉയർത്തിയെന്നും യുവാവ് പറഞ്ഞിരുന്നു. ഹൃദയ ശസ്ത്രക്രിയക്ക് വിധേയനായിട്ടുണ്ട് എന്ന് പറഞ്ഞിട്ടും പൊലീസ് കേൾക്കാൻ തയ്യാറായില്ലെന്നും യുവാവ് വെളിപ്പെടുത്തിയിരുന്നു. അനുജൻ ആണെന്ന് കരുതി തന്നെയാണ് പൊലീസ് ആദ്യം കസ്റ്റഡിയിലെടുത്തതെന്ന് 20കാരന്റെ സഹോദരനും പറഞ്ഞിരുന്നു. ജിമ്മിൽ നിന്നും പൊലീസ് വിളിച്ചുകൊണ്ടുപോകുകയായിരുന്നു. പ്രായം ചോദിച്ചപ്പോൾ 28 വയസാണെന്ന് പറഞ്ഞു. സഹോദരൻ ഉണ്ടോ എന്ന് പൊലീസ് ചോദിച്ചു. ഉണ്ടെന്നും വീട്ടിലാണെന്നും പറഞ്ഞപ്പോൾ പൊലീസ് തന്നെയും കൂട്ടി വീട്ടിലേക്ക് പോയി. തുടർന്ന് അനുജനെ കസ്റ്റഡിയിൽ എടുത്തു. പിന്നാലെ തങ്ങൾ രണ്ടുപോരെയും കൂടൽ പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയെന്നും 28കാരൻ പറഞ്ഞിരുന്നു.

പത്തനംതിട്ടയിൽ സഹപാഠികൾ പീഡിപ്പിച്ചുവെന്ന പതിമൂന്നുകാരിയുടെ പരാതി വ്യാജമാണെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. സഹപാഠികൾ പീഡിപ്പിട്ടില്ലെന്ന് പെൺകുട്ടി മജിസ്‌ട്രേറ്റിനോട് വ്യക്തമാക്കിയിരുന്നു. സഹപാഠിയോട് തനിക്ക് പ്രണയം തോന്നിയെന്നും എന്നാൽ സഹപാഠി പ്രണയം നിരസിച്ചതായും പെൺകുട്ടി പറഞ്ഞു. ഇതിന്റെ നിരാശയിലാണ് സഹപാഠികൾക്കെതിരെ പീഡന പരാതി നൽകിയതെന്നും പെൺകുട്ടി പറഞ്ഞിരുന്നു. വൈദ്യപരിശോധനയിലും പെൺകുട്ടി പീഡനത്തിനിരയായിട്ടില്ലെന്ന് വ്യക്തമായിരുന്നു. ശരീരത്തിൽ പരിക്കേറ്റിട്ടില്ലെന്നും കണ്ടെത്തിയിരുന്നു. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കോടതിയിൽ റഫർ റിപ്പോർട്ട് സമർപ്പിക്കും.

ശനിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. സഹപാഠികൾ പീഡിപ്പിച്ചതായി ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ചൈൽഡ് ലൈൻ പ്രവർത്തകരോട് വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ പൊലീസിൽ വിവരം അറിയിച്ചു. ഇതിന് പിന്നാലെ പൊലീസ് പെൺകുട്ടികളുടെ നാല് സഹപാഠികളെയും രണ്ട് മുതിർന്നവരെയും വിളിച്ചുവരുത്തി മൊഴിയെടുക്കുകയായിരുന്നു. ഇത്തരത്തിൽ കസ്റ്റഡിയിൽ എടുത്ത യുവാവാണ് പരാതിയുമായി നിലവിൽ ആഭ്യന്തരമന്ത്രിയെ സമീപിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *