കഴിഞ്ഞ മൂന്നു മാസക്കാലമായി കേരളത്തിലെ കോൺഗ്രസ് നിശ്ചലമാണെന്നും കെ.പി.സി.സി. അധ്യക്ഷനെ ഉടൻ നിയമിക്കണമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. മിടുക്കരായ ഒരുപാട് ആളുകൾ പാർട്ടിയിലുണ്ട്. അവർക്ക് അവസരം നൽകണം. പരമാവധി ഒരാൾക്ക് ഒരു പദവി എന്ന കാര്യം പാലിക്കുന്നതാണ് നല്ലതെന്നും മുല്ലപ്പള്ളി പറഞ്ഞു. മുഴുവൻ സമയം പ്രസിഡന്റാണ് കോൺഗ്രസിന് വേണ്ടത്. സർക്കാർ അധികാരമേറ്റിട്ട് നൂറ് ദിവസം കഴിഞ്ഞു. അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി ഇക്കാര്യം ഗൗരവമായി പരിഗണിക്കുമെന്നാണ് താൻ കരുതുന്നത്.

ഇതിനിടെ താൻ ഉന്നയിച്ച കാര്യമാണ് യുഡിഎഫിനെ വിജയത്തിലേക്ക് നയിച്ചതെന്ന പി.വി. അൻവറിന്റെ അവകാശവാദവും മുല്ലപ്പള്ളി തള്ളി. അൻവർ ഉന്നയിച്ച വിഷയങ്ങളല്ല യുഡിഎഫിനെ വിജയത്തിലേക്ക് നയിച്ചത്. പാവപ്പെട്ട പ്രവർത്തകരുടെ കഷ്ടപ്പാടാണ്. കോൺഗ്രസ് നേതാക്കളുടെ പ്രവർത്തനവും ഗുണം ചെയ്തു. പിണറായി വിജയൻ വിരുദ്ധ ഫാക്ടറും യുഡിഎഫിന് അനുകൂലമായെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.
