മലപ്പുറം: ദേശീയപാതയിൽ ഇടിമൂഴിക്കലിൽ കാറും ചെങ്കല്ല് കയറ്റിവന്ന ലോറിയും കൂട്ടിയിടിച്ച് പെരുവള്ളൂർ കൂമണ്ണ സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു. പൂവ്വത്തൻമാട് കോട്ടീരി മുഹമ്മദിന്റെ മകൻ ഹാരിസ് (31), പൂവ്വത്തൻമാട് കഴുങ്ങുംതോട്ടത്തിൽ അബൂബക്കറിന്റെ മകൻ ജംഷീർ (36) എന്നിവരാണ് മരണപ്പെട്ടത്. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളായ മുസമ്മിൽ, ഉവൈസ്, ജാബിർ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവർ നിലവിൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
കഴിഞ്ഞദിവസം പുലർച്ചെ മൂന്നോടെ രാമനാട്ടുകര നിസരി ജംഗ്ഷന് സമീപമായിരുന്നു ദാരുണമായ അപകടം സംഭവിച്ചത്. കോഴിക്കോട് ബീച്ച് സന്ദർശിച്ച ശേഷം രാത്രിയിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന അഞ്ചംഗ സുഹൃത്തുക്കളുടെ കാറിലേക്ക് തെറ്റായ ദിശയിൽ ഓവർടേക്കിംഗ് ട്രാക്കിലൂടെ വന്ന ലോറി ഇടി കയറുകയായിരുന്നു. കണ്ണൂരിൽ നിന്ന് വന്ന ലോറി നിസരി ജംഗ്ഷനിൽ എത്തി യുടേൺ എടുത്ത് സർവീസ് റോഡിലേക്ക് കടക്കാൻ ശ്രമിക്കവെയാണ് അപകടമുണ്ടായത്. അപകടം നടന്നയുടൻ ലോറി ഡ്രൈവർ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു.
വിവരമറിഞ്ഞ് തേഞ്ഞിപ്പലം പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. പരേതനായ ഹാരിസിന് ഭാര്യ ഫർസാനയും മൂന്നു വയസ്സുള്ള മകൾ ആയിഷ ഇസയുമുണ്ട്. റഹൂഫ്, റഹീം, റാഹില എന്നിവർ സഹോദരങ്ങളും റുഖിയ അമ്മയുമാണ്. ജംഷീറിന്റെ ഭാര്യ ഫൗസിയയാണ്. നഫീസത്തുൽ മിസ്രിയ, ആയിശത്തുൽ ഖുബ്റ, മുഹമ്മദ് ബിലാൽ എന്നിവരാണ് മക്കൾ. മൻസൂർ, റസീന, സൗദാബി എന്നിവർ സഹോദരങ്ങളും നഫീസ അമ്മയുമാണ്.
