മലപ്പുറം: പെരിന്തൽമണ്ണയിലെ ലോഡ്ജ് കേന്ദ്രീകരിച്ച് എം.ഡി.എം.എ. വിൽപ്പന നടത്തിവന്ന കേസിൽ നഴ്സിങ് വിദ്യാർത്ഥിനിയടക്കം രണ്ടുപേർ പൊലീസിന്റെ പിടിയിൽ. അങ്ങാടിപ്പുറം ജൂബിലി റോഡ് അമ്പലക്കുത്ത് വീട്ടിൽ ഷഹാന മിധ (20), പെരിന്തൽമണ്ണ മണ്ണാർമല പച്ചീരി സ്വദേശി റാവുത്തർ വീട്ടിൽ ജാസിർ അർഷാദ് (20) എന്നിവരെയാണ് 11.63 ഗ്രാം എം.ഡി.എം.എ.യുമായി പോലീസ് അറസ്റ്റ് ചെയ്തത്.

മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ ലഹരിക്കടത്ത് തടയുന്നതിനായി നടപ്പാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ ഭാഗമായാണ് പരിശോധന നടന്നത്. പെരിന്തൽമണ്ണ എസ്.ഐ. അൻവർ സാദിഖും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും സംയുക്തമായി നടത്തിയ മിന്നൽ പരിശോധനയിലാണ് ഇവർ പിടിയിലായത്. പെരിന്തൽമണ്ണ ടൗണിലെ ലോഡ്ജ് കേന്ദ്രീകരിച്ച് വൻതോതിൽ ലഹരി വിൽപ്പന നടക്കുന്നുണ്ടെന്ന് രഹസ്യവിവരം ലഭിച്ചിരുന്നു. പ്രതികൾ ലഹരിമരുന്ന് എവിടെനിന്നാണ് എത്തിച്ചതെന്നും വിദ്യാർത്ഥികൾക്കും മറ്റ് യുവാക്കൾക്കും ഇടയിൽ ഇത് വിതരണം ചെയ്തിട്ടുണ്ടോ എന്നും പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്. ലോഡ്ജിൽ ഇവർക്ക് പുറമെ മറ്റുചിലർക്കുകൂടി പങ്കുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്.

