കണ്ണൂർ: മൊബൈൽ ഉപയോഗം വിലക്കിയതിന് നാടുവിട്ട ശിവസൂര്യയെ കാണാതായിട്ട് എട്ട് ദിവസം. പ്ലസ് ടു വിദ്യാർത്ഥിയായ ശിവസൂര്യ എങ്ങോട്ട് പോയി എന്ന സൂചന പോലും നിലവിൽ പൊലീസിന് ലഭിച്ചിട്ടില്ല. മകനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പിതാവ് മുഖ്യമന്ത്രി വി ഡി സതീശനും ജില്ലാ കളക്ടർക്കും പരാതി നൽകി. പൊലീസ് അന്വേഷണം ഊർജിതമാക്കണമെന്ന് ശിവ സൂര്യയുടെ പിതാവ് ആവശ്യപ്പെട്ടു. എത്രയും വേഗം കുട്ടിയെ കണ്ടെത്താൻ ഇടപെടൽ വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. കാശിയിലേക്ക് പോകുന്നുവെന്നും ഇനിയുള്ള ജീവിതം അവിടെ ജീവിച്ച് ദൈവത്തോടലിയും എന്ന് കുറിപ്പ് എഴുതിവച്ചാണ് ശിവ സൂര്യ നാടുവിട്ടത്.

കണ്ണൂർ പെരിങ്ങത്തൂരിൽ നിന്നാണ് വിദ്യാർത്ഥിയെ കാണാതായത്. കുട്ടിയെ കുറിച്ച് ഒരു വിവരവും ലഭിക്കാത്തതിൽ പൊലീസും ആശയക്കുഴപ്പത്തിലാണ്. പാലക്കാട് ഒറ്റപ്പാലത്ത് വെച്ച് ശിവസൂര്യയെ കണ്ടെന്ന വിവരം തെറ്റാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അടുത്തുള്ള സിസിടിവി ക്യാമറകൾ പരിശോധിച്ചിട്ടും കുട്ടിയുടെ സാന്നിധ്യം എവിടെയും കണ്ടെത്തിയിട്ടില്ല.
തലശ്ശേരി എസ്പിയുടെ സ്ക്വാഡും ചൊക്ലി പൊലീസുമാണ് അന്വേഷണം നടത്തുന്നത്. മൊബൈൽ ഗെയിം കളിക്കുന്നത് വിലക്കി അച്ഛൻ ഫോൺ പിടിച്ചുവാങ്ങിയതോടെയാണ് കുട്ടി നാടുവിട്ടത്. ഇക്കഴിഞ്ഞ എട്ടാം തീയതിയായിരുന്നു സംഭവം. ഗെയിം കളിച്ച് കുട്ടിക്ക് ചെറിയ തുകകൾ നഷ്ടപ്പെടുകയും ചെയ്തിരുന്നു. കുട്ടി ഇറങ്ങിപോകുന്ന സമയം ആരും വീട്ടിൽ ഉണ്ടായിരുന്നില്ല. ചെറുപ്പത്തിലെ അമ്മ മരിച്ച കുട്ടിക്ക് പിതാവ് മാത്രമാണ് ഉള്ളത്.
