പാങ്ങപ്പാറ അഭിരാം കൊലക്കേസ്: ഉമറിന്റെ പെൺസുഹൃത്ത് കസ്റ്റഡിയിൽ; അഭിരാമിനെ വിളിച്ചുവരുത്തിയത് ആനന്ദയുടെ ഫോണിൽ നിന്ന്, തൊണ്ടിമുതലിനായി തിരച്ചിൽ

തിരുവനന്തപുരം: പാങ്ങപ്പാറ അഭിരാം കൊലക്കേസിൽ പ്രതിയായ ഉമറിന്റെ പെൺസുഹൃത്തും കസ്റ്റഡിയിൽ. പ്രതികളുടെ വീട്ടിൽ പൊലീസ് പരിശോധന നടത്തി. കൊലപാതകസമയത്ത് ഒന്നാം പ്രതിയായ 17കാരൻ ധരിച്ചിരുന്ന വസ്ത്രം വീട്ടിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഒന്നാം പ്രതി 17കാരനും രണ്ടാം പ്രതി ഉമറും മൂന്നാം പ്രതി ഉമറിന്റെ പെൺസുഹൃത്തുമാണ് ഇപ്പോൾ പൊലീസ് കസ്റ്റഡിയിലുള്ളത്. കൊലപാതകത്തിൽ നേരിട്ട് പങ്കുള്ള പ്രതിയാണ് ഉമർ. ​ഉമറിന്റെ സുഹൃത്തായ പെൺകുട്ടിക്കും ​കൊലപാതകത്തെ സംബന്ധിച്ച് അറിവുണ്ടായിരുന്നുവെന്ന വിലയിരുത്തലിലാണ് പൊലീസ്. ഇന്നലെ കസ്റ്റഡിയിലെടുത്ത യുവതി ഇപ്പോഴും പൊലിസ് കസ്റ്റഡിയിലാണുള്ളത്.

പ്രതികളുടെ വീട്ടിൽ പരിശോധന നടത്തിയ പൊലീസ് ഒന്നാം പ്രതി കൊലപാതക സമയത്ത് ധരിച്ചിരുന്ന പാന്റ് വീട്ടിൽ‌ നിന്നും കണ്ടെടുത്തിട്ടുണ്ട്. അതേ സമയം പ്രധാന തൊണ്ടി മുതൽ പൊലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല. മൂന്നാം പ്രതിയായ ആനന്ദയുടെ മൊബൈൽ ഫോൺ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഈ ഫോണിൽ നിന്നാണ് അഭിറാമിനെ വിളിച്ചുവരുത്തിയത്. ഫോൺ തോട്ടിലേക്ക് എറിഞ്ഞു എന്ന് പതിനേഴുകാരൻ മൊഴി നൽകിയിട്ടുണ്ട്. കുറ്റിക്കാട്ടിലേക്ക് എറിഞ്ഞെന്നാണ് ഉമർ പറഞ്ഞത്. തോട്ടിൽ തിരഞ്ഞെങ്കിലും ഫോൺ കണ്ടെത്താൻ കഴിഞ്ഞില്ല.

Leave a Reply

Your email address will not be published. Required fields are marked *