ജിദ്ദ വിമാനത്താവളത്തിൽ കാണാതായ മലയാളി നഴ്‌സ് സൗദി പൊലീസിൻറെ കസ്റ്റഡിയിലെന്ന് സ്ഥിരീകരണം

അവധി കഴിഞ്ഞ് മടങ്ങുന്നതിനിടെ ജിദ്ദ വിമാനത്താവളത്തിൽ വെച്ച് കാണാതായ വയനാട് സ്വദേശിനിയായ നഴ്‌സ് ഫിലോമിന സൗദി പൊലീസിന്റെ കസ്റ്റഡിയിലാണെന്ന് സ്ഥിരീകരിച്ചു. നിരോധിച്ച മരുന്നുകൾ കൈവശം വെച്ചതിനാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. എംബസിയുടെയും സാമൂഹ്യ പ്രവർത്തകരുടെയും നേതൃത്വത്തിൽ നിയമനടപടികൾ പുരോഗമിക്കുകയാണ്.
റിയാദ്: റിയാദിൽ നഴ്‌സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തിൽ വെച്ച് കാണാതായ സംഭവത്തിൽ നിർണ്ണായക വഴിതിരിവ്. അവധിക്ക് നാട്ടിലെത്തി മടങ്ങുന്നതിനിടെ കാണാതായ ഫിലോമിന സൗദി പൊലീസിന്റെ കസ്റ്റഡിയിലാണെന്ന് ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് സ്ഥിരീകരിച്ചു.

സൗദി അറേബ്യയിൽ നിരോധിച്ച മരുന്നുകൾ കൈവശം വെച്ചതുമായി ബന്ധപ്പെട്ടാണ് വിമാനത്താവളത്തിൽ നിന്ന് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നാണ് കോൺസുലേറ്റ് അധികൃതർ നൽകുന്ന വിവരം.

വയനാട് സുൽത്താൻ ബത്തേരിക്കടുത്ത് നീലഗിരി ജില്ലാ അതിർത്തിയിലെ അയ്യങ്കൊല്ലി ‘ആനന്ദ് നിവാസ്’ രവി – ശെൽവി ദമ്പതികളുടെ മകളായ 32 കാരി ഫിലോമിന, കഴിഞ്ഞ മൂന്ന് വർഷമായി റിയാദിലെ കിംഗ് ഫഹദ് ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്തുവരികയാണ്. വാർഷികാവധി കഴിഞ്ഞ് ഈ മാസം പത്തിന് ബംഗളൂരുവിൽ നിന്നുള്ള വിമാനത്തിലാണ് ഇവർ ജിദ്ദയിലേക്ക് യാത്ര തിരിച്ചത്. ജിദ്ദയിൽ നിന്നും കണക്ഷൻ ഫ്ലൈറ്റ് വഴിയാണ് ഇവർ റിയാദിലേക്ക് എത്തേണ്ടിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *