ജിദ്ദ: റിയാദിൽ നഴ്സ് ആയി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തിൽ വെച്ച് കാണാതായതായി കുടുംബത്തിന്റെ പരാതി. വയനാട് സുൽത്താൻ ബത്തേരിക്കടുത്ത് നീലഗരി ജില്ല പരിധിയിലെ അയ്യൻകൊല്ലി ആനന്ദ് നിവാസ് രവി-ശെൽവി ദമ്പതികളുടെ മകൾ ഫിലോമിന(32)യെയാണ് റിയാദിലേക്കുള്ള യാത്രാമധ്യേ കാണാതായത്.
മൂന്ന് വർഷമായി റിയാദിലെ കിങ് ഫഹദ് ആശുപത്രിയിൽ നഴ്സായ ഫിലോമിന, വാർഷികാവധി കഴിഞ്ഞ് ഈ മാസം പത്തിനാണ് ബംഗളൂരുവിൽ നിന്നുള്ള വിമാനത്തിൽ ജിദ്ദയിലേക്ക് യാത്രതിരിച്ചത്. ജിദ്ദയിൽ നിന്നും കണക്ഷൻ ഫ്ളൈറ്റ് വഴിയാണ് റിയാദിലേക്ക് എത്തേണ്ടിയിരുന്നത്. ജിദ്ദയിൽ വിമാനമിറങ്ങി രാത്രി എട്ടരയോടെ ഇവർ പിതാവ് രവിക്കും ഭർത്താവ് ജോണിനും അയച്ച ശബ്ദസന്ദേശത്തിൽ ജിദ്ദ വിമാനത്താവളത്തിൽ ഉദ്യോഗസ്ഥർ തടഞ്ഞു വെച്ചിരിക്കുകയാണെന്നും ലഗേജ് കൊണ്ടുപോയതായും ഫോൺ ആവശ്യപ്പെട്ടതായും അറിയിച്ചിരുന്നു. ഇതിനു ശേഷം ഫിലോമിനയെക്കുറിച്ച് വിവരങ്ങളൊന്നും ഇല്ലെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്.
റിയാദിലെ ആശുപത്രി അധികൃതരുമായും സഹ പ്രവർത്തകരുമായും ബന്ധപ്പെട്ടെങ്കിലും അവിടെ ഫിലോമിന എത്തിയിട്ടില്ലെന്നാണ് അവർ അറിയിച്ചത്. ഫിലോമിനയുടെ തീരോധാനത്തിൽ കുടുംബം ഏറെ ആശങ്കയിലാണ്. ജിദ്ദ വിമാനത്താവളത്തിൽ വെച്ചുണ്ടായ സംഭവങ്ങളെ കുറിച്ച് വ്യക്തത ലഭിച്ചാൽ ഫിലോമിനയെ കണ്ടെത്താനാവുമെന്നാണ് കുടുംബം കരുതുന്നത്.
ഇവരുടെ തിരോധാന വിഷയം റിയാദ് ഇന്ത്യൻ എംബസിയുടെയും ജിദ്ദ കോൺസുലേറ്റിന്റെയും സാമൂഹ്യ പ്രവർത്തകരുടെയും ശ്രദ്ധയിലുണ്ട്. നിയമ പരമായ പ്രശ്നങ്ങളടക്കം തിരോധാനവുമായി ബന്ധപ്പെട്ട് വിവിധ സാധ്യതകൾ തേടാനാണ് സാമൂഹ്യ പ്രവർത്തകരുടെ ശ്രമം.
