കോഴിക്കോട്, മലപ്പുറം സ്വദേശികളായ മലയാളി ദമ്പതികളെ ഗുരുഗ്രാമിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയെന്ന് പോലീസ്

ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിൽ മലയാളി ദമ്പതികളെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കൊടുവള്ളി പുള്ളാവൂർ സ്വദേശിയായ മുഹമ്മദ് അസ്‌ലം (30), ഭാര്യ മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശിനി ഫർഹാന (28) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഗുരുഗ്രാം സെക്ടർ 68-ലെ ബാദ്‌ഷാപ്പൂരിലുള്ള എം3എം മരീന സൊസൈറ്റിയിലെ വാടക ഫ്ലാറ്റിലാണ് വ്യാഴാഴ്ച ദാരുണമായ സംഭവം നടന്നത്. അസ്ലം ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.ഗുരുഗ്രാമിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് അസ്‌ലം. ഭാര്യയെ കൊന്ന് സ്വയം ജീവനൊടുക്കുന്നതിന് മുമ്പ് അസ്‌ലം തൻറെ

പിതാവിന്റെയും വീട്ടുടമയുടെയും മൊബൈൽ നമ്പറുകൾ ഉൾപ്പെടുത്തി തന്റെ ഓഫീസിലേക്ക് ഇ-മെയിൽ അയച്ചിരുന്നു. സംഭവം പിതാവിനെയും വീട്ടുമസ്ഥനെയും അറിയിക്കണമെന്ന് ഇ-മെയിലിൽ അസ്‍ലം കമ്പനിയോട് അഭ്യർത്ഥിച്ചിരുന്നതായി പൊലീസ് പറഞ്ഞു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ബാദ്‌ഷാപ്പൂർ പൊലീസ് മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.മുഹമ്മദ് അസ്‌ലമിൻറെ ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. സംഭവസ്ഥലത്തുനിന്ന് ആത്മഹത്യാക്കുറിപ്പുകളൊന്നും ലഭിച്ചിട്ടില്ലാത്തതിനാൽ കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ച കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. സംഭവത്തിൽ ഡിജിറ്റൽ തെളിവുകളും ഇമെയിലും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് ബാദ്‌ഷാപ്പൂർ പൊലീസ് സ്റ്റേഷൻ എസ്‌എച്ച്‌ഒ ഇൻസ്‌പെക്ടർ മനോജ് കുമാർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *