കൊയിലാണ്ടി അരിക്കുളത്ത് സീബ്രാ ലൈനിൽ സ്വകാര്യ ബസിന്റെ നിയമലംഘനം: റോഡ് മുറിച്ചുകടന്ന വീട്ടമ്മയെ ട്രാവലർ ഇടിച്ചുതെറിപ്പിച്ചു

കൊയിലാണ്ടി: സീബ്രാ ലൈനിൽ നിർത്തിയിട്ട സ്വകാര്യ ബസിന് മുന്നിലൂടെ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാനിടിച്ച് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. അരിക്കുളം കുരുടിമുക്ക് ജംക്‌ഷനിൽ ശനിയാഴ്ച രാവിലെ ഒൻപത് മണിയോടെയായിരുന്നു അപകടം. അപകടത്തിൽ പരിക്കേറ്റ കുരുടിമുക്ക് സ്വദേശി സുബൈദയെ ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

കാൽനടയാത്രക്കാർക്ക് മുൻഗണന നൽകേണ്ട സീബ്രാ ലൈനിൽ നിയമം തെറ്റിച്ച് സ്വകാര്യ ബസ് നിർത്തിയിട്ടതാണ് അപകടത്തിന് വഴിവെച്ചതെന്ന് നാട്ടുകാർ ആരോപിച്ചു. ബസ് കാഴ്ച മറച്ചു നിർത്തിയിരുന്നതിനാൽ തൊട്ടടുത്ത ട്രാക്കിലൂടെ വന്ന ട്രാവലർ വാൻ റോഡ് മുറിച്ചുകടക്കുകയായിരുന്ന സുബൈദയുടെ ശ്രദ്ധയിൽപ്പെട്ടില്ല. ബസിന് മുന്നിലൂടെ നടന്നു നീങ്ങിയ സുബൈദയെ വാൻ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

അപകടം നടന്നയുടൻ സമീപത്തുണ്ടായിരുന്ന വ്യാപാരികളും നാട്ടുകാരും ഓടിയെത്തിയാണ് പരിക്കേറ്റ സുബൈദയെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സീബ്രാ ലൈനുകളിലെ സ്വകാര്യ ബസുകളുടെ അനധികൃത പാർക്കിങ്ങിനെതിരെ ശക്തമായ നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *