കോഴിക്കാട്: പട്ടാപ്പകൽ ആളൊഴിച്ച വീടുകളിൽ കവർച്ച നടത്തുന്നത് ശീലമാക്കിയ എറണാകളും സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം പ്രായിപക്കര സ്വദേശിയും ഇപ്പോൾ മുക്കം തൂങ്ങുംപുറയിൽ വാടകവീട്ടിൽ താമസിച്ചുവരുന്നയാളുമായ ‘നീർക്കോലി’ എന്ന പേരിൽ അറിയപ്പെടുന്ന അൽത്താഫിനെയാണ് പിടികൂടിയത്. കോഴിക്കോട് ഇരിങ്ങാടൻ പള്ളി ജംഗ്ഷന് സമീപമുള്ള വീട്ടിൽ പകൽ സമയത്ത് മോഷണം നടത്തിയ കേസിലാണ് അറസ്റ്റ്. വീടിന്റെ ടെറസ് വഴി കടന്ന ഇയാൾ വാതിൽ തിക്കി തുറന്ന് അകത്ത് കയറി അലമാരകളിലും മറ്റും സൂക്ഷിച്ച സ്വർണ്ണവും പണവും അപഹരിക്കുകയായിരുന്നു. കോടഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിലെ വേനപ്പാറയിൽ വെച്ചാണ് ഇയാൾ പിടിയിലായത്.

വിവിധ ജില്ലകളിലായി മോഷണ കേസിലും കഞ്ചാവ് കൈവശം വെച്ച കേസിലും പ്രതിയാണിയാൾ. വിവിധ സ്ഥലങ്ങളിൽ വാടക വീടെടുത്ത് കുടുംബമായി മാറി മാറി താമസിക്കുന്നതാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറയുന്നു. താമസിക്കുന്നതിന്റെ തൊട്ടടുത്ത പരിസരങ്ങളിൽ പകൽ സമയങ്ങളിൽ ആളില്ലാത്ത വീടുകൾ നോക്കി മോഷണം നടത്തുകയാണ് പതിവ്. ആഡംബര ജീവിതത്തിനും മയക്കു മരുന്ന് ഉപയോഗത്തിനുമാണ് മോഷണ മുതൽ ചിലവഴിച്ചിരുന്നതെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.കോഴിക്കോട് സിറ്റി മെഡിക്കൽ കോളേജ് സബ് ഡിവിഷൻ അസിസ്റ്റന്റ് കമ്മീഷണറുടെ കീഴിലുള്ള സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം അംഗങ്ങളായ അസി. സബ് ഇൻസ്പെക്ടർ റഷീദ് കെ.വി, സീനിയർ സവിൽ പോലീസ് ഓഫീസർ മനോജ് വി.ഡി, ഗോകുൽ പ്രകാശ്, സി.പി.ഒ രാഗേഷ് ടി. പ്രേമൻ എന്നിവരും ചേവായൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ഏലിയാസ്, എ.എസ്.ഐ നജീബ്, സി.പി.ഒ ഇംതിയാസ് എന്നിവരും ചേർന്നാണ് അൽത്താഫിനെ പിടികൂടിയത്.
