കൊല്ലം: ഓച്ചിറയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മതപാഠശാലയുടെ മറവിൽ പീഡിപ്പിച്ച കേസിൽ പ്രതിയായ നിയാസ് ജൗഹരിക്കെതിരെ നിർണായക വെളിപ്പെടുത്തലുകളുമായി കൊല്ലം സ്വദേശിയായ യുവതി രംഗത്ത്. മതപ്രഭാഷകനും മോട്ടിവേഷൻ സ്പീക്കറുമായി അറിയപ്പെടുന്ന ഇയാളിൽ നിന്ന് തനിക്കും സമാനമായ ദുരനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് യുവതി വ്യക്തമാക്കി. ഇയാൾക്കെതിരെ നിരവധി പെൺകുട്ടികൾ സമാനമായ പരാതികളുമായി രംഗത്തുണ്ടെങ്കിലും സാമൂഹിക ഭയം കാരണമാണ് പലരും മൗനം പാലിക്കുന്നത്.

സമൂഹത്തിന് മുന്നിൽ മാന്യനായ പ്രതിച്ഛായ സൃഷ്ടിച്ചാണ് ഇയാൾ പെൺകുട്ടികളുടെ ഫോൺ നമ്പർ വാങ്ങിയിരുന്നത്. തുടർന്ന് വ്യക്തിപരമായ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് വാഗ്ദാനം ചെയ്ത് കൂടുതൽ അടുപ്പം സ്ഥാപിക്കും. മാനസികവും ശാരീരികവുമായ പ്രശ്നങ്ങളുണ്ടെന്ന് ഇരകളെ വിശ്വസിപ്പിച്ച് ചികിത്സയുടെ ഭാഗമെന്ന വ്യാജേന സ്വകാര്യ വിവരങ്ങൾ ചോദിച്ചറിയുകയാണ് പതിവ്.

തുടർന്നുള്ള ഫോൺ സംഭാഷണങ്ങളിൽ ലൈംഗികച്ചുവയുള്ള പരാമർശങ്ങൾ നടത്തുകയും ‘സെക്സ്’ എന്ന വാക്ക് ഉപയോഗിക്കുകയും ചെയ്തുവെന്നും യുവതി വെളിപ്പെടുത്തുന്നു. സാധാരണ ഫോൺ കോളുകൾ ഒഴിവാക്കി വാട്സാപ്പ് കോളുകൾ മാത്രം ഉപയോഗിക്കാൻ കർശന നിർദേശമുണ്ടായിരുന്നു. വീഡിയോ കോളിൽ മുഖം കാണിച്ച് സംസാരിക്കണമെന്ന് നിർബന്ധം പിടിക്കുകയും, അതിന് വിസമ്മതിച്ചപ്പോൾ അശ്ലീലച്ചുവയോടെ സംസാരിക്കുകയും ചെയ്തു. സമൂഹമാധ്യമങ്ങളിലെ നല്ല പ്രതിച്ഛായയുടെ മറവിലാണ് ഇയാൾ ഇത്തരം പ്രവൃത്തികൾ നടത്തിയിരുന്നത്.

അതേസമയം, പ്രതി മുഹമ്മദ് നിയാസിന്റെ ഫോൺ വിളികൾക്ക് പുറമെ സാമ്പത്തിക ഇടപാടുകളും അന്വേഷണ സംഘം സൂക്ഷ്മമായി പരിശോധിച്ചു വരികയാണ്. പോക്സോ വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കൂടുതൽ പെൺകുട്ടികളെ ഇയാൾ ചൂഷണം ചെയ്തിട്ടുണ്ടോയെന്ന സംശയത്തിൽ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഇതിനിടയിൽ, ഓച്ചിറയിൽ നിയാസ് നേതൃത്വം നൽകിയിരുന്ന മതപാഠശാല വാർഡ് ജാഗ്രതാ സമിതിയുടെയും ആരോഗ്യ ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും സാന്നിധ്യത്തിൽ പൂട്ടി സീൽ ചെയ്തു. ഇവിടെ പഠിച്ചിരുന്ന കുട്ടികൾക്കെല്ലാം ആവശ്യമായ കൗൺസിലിങ് നൽകാൻ പൊലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്.

