ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകം ; മുത്തച്ഛനെ കൊലപ്പെടുത്താൻ കൊച്ചുമകളുടെ ക്വട്ടേഷൻ; എട്ടാം ക്ലാസുകാരി ഉൾപ്പെടെ നാലുപേർ പോലീസ് കസ്റ്റഡിയിൽ

ആലപ്പുഴ: ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തിൽ 13 വയസുള്ള കൊച്ചുമകൾ ഉൾപ്പെടെ പ്രായപൂർത്തിയാകാത്ത നാല് പേർ പിടിയിൽ. കഴിഞ്ഞദിവസം രാത്രിയായിരുന്നു കൊലപാതകം. കൊല്ലപ്പെട്ട ശിവൻകുട്ടിയുടെ മകളുടെ മകൾ നൽകിയ ക്വട്ടേഷനാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് കണ്ടെത്തി. ശിവൻകുട്ടിയുടെ ഭാര്യയും മകളും വീട്ടിലിൽ ഇല്ലാതിരുന്ന സമയത്തായിരുന്നു സംഭവം.

അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ ഒരു പ്രൊഫഷണൽ കൊലപാതകിയല്ല ഇതിന് പിന്നിലെന്ന് പൊലീസ് ഉറപ്പിച്ചിരുന്നു. വീട്ടിനുള്ളിൽ ഒരാളുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന സംശയം നിലനിൽക്കേയാണ് എട്ടാം ക്ലാസുകാരിയാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് മനസിലാക്കിയത്. 67 വയസുള്ള ശിവൻകുട്ടിയുടെ മൃതദേഹം വിവസ്ത്രനായ നിലയിലാണ് കണ്ടെത്തിയത്. കൈകളും കാലുകളും ബന്ധിച്ചിരുന്നു. വീട്ടിനുള്ളിലാകെ മുളകുപൊടി വിതറിയിരുന്നു. വീട്ടിൽ നിന്നും ആറു പവൻ സ്വർണവും കാണാതായിട്ടുണ്ട്. പ്രതികൾ നിലവിൽ ഹരിപ്പാട് പൊലീസിന്റെ കസ്റ്റഡിയിലാണ്.

ശിവൻകുട്ടിയുടെ മകളെ പ്രസവത്തിനായി ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശിവൻകുട്ടിയുടെ ഭാര്യയും ഇവർക്കൊപ്പമാണ്. ഇതോടെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ മറ്റൊരു ബന്ധുവീട്ടിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞദിവസം പരീക്ഷയുണ്ടെന്ന പേരിൽ അവിടെ നിന്നിറങ്ങിയ വിദ്യാർത്ഥിനിയാണ് വീട്ടിലെത്തി ആദ്യം മൃതദേഹം കണ്ടെന്ന് അറിയിച്ചത്. വീട് തുറക്കാൻ കഴിയുന്നില്ല അകത്ത് നിന്നും പൂട്ടിയിരിക്കുകയാണെന്നായിരുന്നു പെൺകുട്ടി പറഞ്ഞത്. മുത്തച്ഛൻ മരിച്ചു കിടക്കുന്നത് നേരിട്ട് കണ്ടിട്ടും കുട്ടിക്ക് ഭാവവ്യത്യാസങ്ങളൊന്നും ഉണ്ടായിരുന്നില്ല. ആദ്യഘട്ട ചോദ്യം ചെയ്യലിൽ പെൺകുട്ടി സംശയിക്കപ്പെട്ടിരുന്നില്ല. തുടർന്ന് പരീക്ഷ എഴുതാൻ സ്‌കൂളിൽ പോകണമെന്ന് പെൺകുട്ടി ആവശ്യപ്പെട്ടു. ഇതോടെ പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നി പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് സംഭവം പുറത്തായത്.

പെൺകുട്ടിക്ക് മുത്തച്ഛനോടുള്ള വൈരാഗ്യം എന്താണെന്ന് വ്യക്തമല്ല. കൂട്ടുപ്രതികൾ കൂടെ പഠിച്ചവരും പരിചയക്കാരുമാണ്. പ്രായപൂർത്തിയായ ആരുടെയെങ്കിലും സഹായം പ്രതികൾക്ക് ലഭിച്ചിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ശ്വാസം മുട്ടിച്ചാണ് ശിവൻകുട്ടിയെ കൊലപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *