തിരുവനന്തപുരം: ശ്രീകാര്യം പാങ്ങപ്പാറയിൽ പ്ലസ് വൺ വിദ്യാർഥി അഭിരാമിനെ കൊലപ്പെടുത്തിയ കേസിൽ പൊലീസിനെ വഴിതെറ്റിക്കാൻ പ്രതികൾ ആസൂത്രിതമായ ഫോൺകോൾ തന്ത്രം ഉപയോഗിച്ചതായി വെളിപ്പെടുത്തൽ. കേസിൽ കൊലപാതകത്തെക്കുറിച്ച് മുൻകൂട്ടി അറിവുണ്ടായിരിക്കുകയും തെളിവ് നശിപ്പിക്കാൻ ഒത്താശ ചെയ്യുകയും ചെയ്ത രണ്ടാം പ്രതി ഉമറിന്റെ കാമുകി ഐശ്വര്യയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.
ഞായറാഴ്ച കൊലപാതകം നടക്കുമ്പോൾ സ്വന്തം ഫോൺ വീട്ടിൽ വെച്ച ശേഷമാണ് രണ്ടാം പ്രതി ഉമർ സംഭവസ്ഥലത്തേക്ക് പോയത്. ഈ സമയം ഐശ്വര്യ ഈ ഫോണിലേക്ക് തുടർച്ചയായി വിളിച്ചുകൊണ്ടിരുന്നു. ടവർ ലൊക്കേഷൻ മാറ്റി സംഭവസമയത്ത് ഉമർ വീട്ടിലുണ്ടായിരുന്നു എന്ന് വരുത്തിത്തീർക്കാനും പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനുമായിരുന്നു ഈ നീക്കം.
കൊലപാതകത്തിന് ശേഷം വീട്ടിലെത്തിയ ഉമർ, ‘പതിനേഴുകാരൻ അഭിരാമിനെ കൊന്നു, അവൻ അനുഭവിക്കട്ടെ’ എന്ന് ഇൻസ്റ്റഗ്രാം വഴി ഐശ്വര്യക്ക് സന്ദേശമയച്ചു. പ്രായപൂർത്തിയാകാത്ത ഒന്നാം പ്രതി മാത്രമാണ് കൊലപാതകം ചെയ്തതെന്ന് വരുത്തിത്തീർത്ത് സ്വന്തം ശിക്ഷ കുറയ്ക്കാനുള്ള തന്ത്രമായാണ് പൊലീസ് ഇതിനെ വിലയിരുത്തുന്നത്.
ഉമറിന് രണ്ടു ഫോണുകളുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇതിലൊന്നിൽ നിർണ്ണായകമായ പല വീഡിയോകളും തെളിവുകളും ഉള്ളതിനാൽ അത് പ്രതികൾ നശിപ്പിച്ചിരിക്കാമെന്നാണ് നിഗമനം. ഉമറിന്റെയും കൊല്ലപ്പെട്ട അഭിരാമിന്റെയും ഫോണുകൾ കണ്ടെത്തി വിവര ശേഖരണം നടത്തിയാൽ കൊലപാതകത്തിന്റെ യഥാർത്ഥ കാരണത്തെക്കുറിച്ച് കൂടുതൽ വ്യക്തത വരുമെന്ന് പൊലീസ് അറിയിച്ചു. അതിനിടെ, കൊലപാതകത്തിന് തൊട്ടുമുൻപുള്ള ദിവസങ്ങളിൽ അഭിരാമും മറ്റ് ചില കുട്ടികളും തമ്മിൽ വക്കേറ്റമുണ്ടായതിന്റെ വീഡിയോ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിലുണ്ടായിരുന്ന കുട്ടികളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചുവരികയാണ്.
