അഭിരാം വധക്കേസ്: രണ്ടാം പ്രതി ഉമറിന്റെ പെൺസുഹൃത്ത് കസ്റ്റഡിയിൽ; കൊലപാതകത്തിൽ പങ്കെന്ന് സൂചന

അഭിരാമിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തുന്നു
തിരുവനന്തപുരം: പാങ്ങപ്പാറയിൽ 17-കാരൻ കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതിയായ ഉമറിന്റെ പെൺസുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിൽ ഈ 22-കാരിക്കും പങ്കുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കേസിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോ എന്ന കാര്യത്തിലും പോലീസ് സംശയം പ്രകടിപ്പിക്കുന്നുണ്ട്.

കേസുമായി ബന്ധപ്പെട്ട് മുൻപ് മൂന്ന് പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിരുന്നു. 17 വയസ്സ് തികയാത്ത ഒരു കൗമാരക്കാരൻ, ഇയാളുടെ സുഹൃത്തും മുൻപ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ ഉമർ, 18 വയസ്സുള്ള ഒരു പെൺകുട്ടി എന്നിവരാണ് നിലവിൽ അറസ്റ്റിലായിട്ടുള്ളത്. കൊല്ലപ്പെട്ട 17-കാരനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയത് നേരത്തെ അറസ്റ്റിലായ 18-കാരിയുടെ ഫോണിൽ നിന്നാണെന്ന വിവരവും പുറത്തുവന്നിരുന്നു.

ഇവർക്ക് പുറമെയാണ്‌ ഉമറിന്റെ 22 വയസ്സുള്ള പെൺസുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കൊലപാതകത്തിൽ ഇവർക്ക് നേരിട്ട് എന്തെങ്കിലും പങ്കുണ്ടോ എന്നതിൽ വ്യക്തത വന്നിട്ടില്ലെങ്കിലും കൊലപാതക വിവരവും പ്രതികൾ ആളൊഴിഞ്ഞ സ്ഥലത്തേക്ക് പോയതുൾപ്പെടെയുള്ള നീക്കങ്ങളും ഈ യുവതി മുൻകൂട്ടി അറിഞ്ഞിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

കസ്റ്റഡിയിലുള്ള യുവതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷമായിരിക്കും യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തുന്നതടക്കമുള്ള നടപടികളിലേക്ക് പോലീസ് കടക്കുക. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന കാര്യത്തിലും പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *