അമരാവതി ∙ ആന്ധ്രപ്രദേശ് പൊലീസിന്റെ എൻകൗണ്ടറിൽ ഗുരുതരമായി പരുക്കേറ്റ യുവാവിന്റെ വലതുകാൽ ചികിത്സയ്ക്കിടെ മുറിച്ചുമാറ്റി. അനന്തപുർ ജില്ലയിലെ രാപ്തഡു ജില്ലാ പരിഷത്ത് ഹൈസ്കൂളിലെ ക്ലാസ് മുറിയിൽ കയറി യന്ത്രവാൾ കൊണ്ട് വിദ്യാർഥിനിയെ ആക്രമിച്ച പ്രതി ഹേമന്തിന്റെ (21) വലതുകാലാണ് ചികിത്സയ്ക്കിടെ മുറിച്ചുമാറ്റിയത്. തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ പൊലീസ് വെടിവച്ചത്. ആറു തവണ വെടിവച്ചാണ് ഹേമന്തിനെ കീഴടക്കിയത്. ശേഷം ഇരുകാലുകൾക്കും ഗുരുതരമായി പരുക്കേറ്റ ഹേമന്തിനെ ആശുപത്രിയിൽ എത്തിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.
ശസ്ത്രക്രിയ നടത്തിയെങ്കിലും അണുബാധയുടെ ലക്ഷണങ്ങൾ കണ്ടതിനാലാണ് മുട്ടിനു മുകൾഭാഗത്ത് വച്ച് ഹേമന്തിന്റെ വലതുകാൽ മുറിച്ചുമാറ്റാൻ ഡോക്ടർമാർ തീരുമാനിച്ചത്. അണുബാധ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടരുന്നത് തടയാൻ വേണ്ടിയാണ് ഈ തീരുമാനം എടുത്തത്. അതേസമയം ഹേമന്തിന്റെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ പെൺകുട്ടി ബെംഗളൂരുവിലെ ആശുപത്രിയിൽ സുഖം പ്രാപിക്കുന്നു എന്നാണ് ലഭിക്കുന്ന വിവരം. വെന്റിലേറ്റർ സഹായമില്ലാതെയാണ് പെൺകുട്ടി ഇപ്പോൾ ചികിത്സയിൽ തുടരുന്നത്.
ഹേമന്തിനെ എൻകൗണ്ടറിൽ വധിക്കണമെന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ക്ലാസ് മുറിയിൽ കയറിയുള്ള ആക്രമണത്തിൽ രണ്ട് പെൺകുട്ടികൾക്കാണ് പരുക്കേറ്റത്. ഇതിൽ ഗുരുതരമായി പരുക്കേറ്റ പെൺകുട്ടിയുടെ ബന്ധുവാണ് പ്രതി ഹേമന്ത്. പ്രണയാഭ്യർഥന നിരസിച്ചതിനെ തുടർന്നായിരുന്നു ആക്രമണം എന്നാണ് ലഭിക്കുന്ന വിവരം.
