കൊച്ചി: ഭാര്യ നൽകിയ ഗാർഹിക പീഡന കേസിൽ കോടതിയിൽ ഹാജരായതിന്റെ വൈരാഗ്യത്തിൽ അഭിഭാഷകന്റെ വീടുകയറി 80-കാരനായ പിതാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു. പുതുവൈപ്പ് മുരിക്കുംപാടം തൊണ്ടുങ്കൽ മോഹൻദാസിനാണ് (80) ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. അഭിഭാഷക ദമ്പതികളായ ടി.എം. ഡോൾഗോ, നീമ എന്നിവരുടെ വീടിനു നേരെ വ്യാഴാഴ്ച വൈകീട്ട് 5.30-ഓടെയായിരുന്നു സംഭവം. സംഭവത്തിൽ പ്രദേശവാസികളായ ഡസ്റ്റർ (വേലു), ഡൈനാസ്റ്റർ (വാവക്കുട്ടി) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
ഒന്നാം പ്രതിയായ വേലുവിനെതിരെ ഭാര്യ നൽകിയ ഗാർഹിക പീഡന കേസിൽ പരാതിക്കാരിയുടെ അഭിഭാഷകനാണ് മോഹൻദാസിന്റെ മകൻ അഡ്വ. ഡോൾഗോ. ഈ കേസ് ഏറ്റെടുത്തതിലുള്ള പക മൂലം കുടുംബത്തെ അപായപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് അക്രമികൾ എത്തിയതെന്ന് പോലീസിന്റെ എഫ്.ഐ.ആറിൽ പറയുന്നു. സംഭവം നടക്കുമ്പോൾ അഭിഭാഷകർ വീട്ടിൽ ഉണ്ടായിരുന്നില്ല.

വീടിന്റെ സിറ്റൗട്ടിൽ അതിക്രമിച്ചു കയറിയ പ്രതികൾ മോഹൻദാസിനെ ഭീഷണിപ്പെടുത്തുകയും തടയാൻ ശ്രമിച്ച ഭാര്യയെ തള്ളിമാറ്റി അദ്ദേഹത്തെ പുറത്തേക്ക് വലിച്ചിഴച്ചിടുകയുമായിരുന്നു. തുടർന്ന് കഴുത്തറുക്കാൻ ശ്രമിച്ച വേലുവിൽ നിന്ന് കത്തി വാങ്ങി വാവക്കുട്ടി മോഹൻദാസിന്റെ വയറ്റിൽ ആഴത്തിൽ കുത്തുകയായിരുന്നു. പരിക്കേറ്റ് രക്തം വാർന്നു കിടന്ന മോഹൻദാസിനെ ഉടൻ തന്നെ നാട്ടുകാരും വീട്ടുകാരും ചേർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള അദ്ദേഹത്തിന്റെ കിഡ്നിക്കും പാൻക്രിയാസിനും പരിക്കേറ്റിട്ടുണ്ടെന്നും നില ഗുരുതരമായി തുടരുകയാണെന്നും അഡ്വ. ഡോൾഗോ വ്യക്തമാക്കി. വീടുകളിലുണ്ടായിരുന്ന കുട്ടികളുടെ മുന്നിൽ വെച്ചായിരുന്നു ക്രൂരമായ ആക്രമണം. വധഭീഷണി മുഴക്കിയ ശേഷമാണ് പ്രതികൾ മടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. അക്രമത്തിനു ശേഷം ഒളിവിൽ പോയ പ്രതികളെ പോലീസ് വേഗത്തിൽ പിടികൂടുകയായിരുന്നു. ഇവർ നിരവധി കേസുകളിൽ പ്രതികളാണെന്ന് പോലീസ് അറിയിച്ചു.
