ഓച്ചിറ പീഡനക്കേസ്: ‘”മോള് ഇനി ആരോടും ഒന്നും പറയാൻ നിൽക്കണ്ട, മരണം വരെ ഒരാളും അറിയാതിരുന്നാൽ മതി’; കുറ്റകൃത്യം സ്ഥിരീകരിക്കുന്ന മതപ്രഭാഷകന്റെ ശബ്ദരേഖ പുറത്ത്

ഓച്ചിറ: കൊല്ലം ഓച്ചിറയിൽ പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ മതപ്രഭാഷകൻ മുഹമ്മദ് നിയാസിനെതിരെ നിർണായക തെളിവുകൾ പൊലീസിന് ലഭിച്ചു. കുറ്റകൃത്യം സമ്മതിക്കുന്നതും സംഭവം പുറത്തുപറയരുതെന്ന് അതിജീവിതയോട് ആവശ്യപ്പെടുന്നതുമായ പ്രതിയുടെ ശബ്ദസന്ദേശങ്ങൾ അന്വേഷണ സംഘം ശേഖരിച്ചു.

“മോള് ഇനി ആരോടും ഒന്നും പറയാൻ നിൽക്കണ്ട, മരണം വരെ ഒരാളും അറിയാതിരുന്നാൽ മതി” എന്ന് പ്രതി ശബ്ദസന്ദേശത്തിൽ പറയുന്നതായി പൊലീസ് വ്യക്തമാക്കി. ആര് എന്ത് ചോദിച്ചാലും മിണ്ടരുതെന്നും സന്ദേശങ്ങളിൽ ആവശ്യപ്പെടുന്നുണ്ട്. പെൺകുട്ടിയുടെ മുത്തശ്ശിയുടെ പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് സ്വന്തം സ്ഥാപനത്തിലേക്ക് വിളിച്ചുവരുത്തുകയും, മുത്തശ്ശിയെ മയക്കിക്കിടത്തിയ ശേഷം കുട്ടിയെ പീഡനത്തിനിരയാക്കുകയുമായിരുന്നുവെന്നാണ് കേസ്.

പരാതിയിൽ പറഞ്ഞ സമയത്ത് പ്രതി സ്വന്തം സ്ഥാപനത്തിലുണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്ന ഡിജിറ്റൽ രേഖകളും ഫോൺ കോൾ ലിസ്റ്റുകളും സാമ്പത്തിക ഇടപാടുകളും പരിശോധിച്ച ശേഷമാണ് പൊലീസ് അറസ്റ്റിലേക്ക് കടന്നത്. പോക്സോ (POCSO) വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

പ്രതി കൂടുതൽ പെൺകുട്ടികളെ ചൂഷണത്തിന് ഇരയാക്കിയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിച്ചുവരികയാണ്. സംഭവത്തെ തുടർന്ന് ഓച്ചിറയിൽ മുഹമ്മദ് നിയാസ് നടത്തിയിരുന്ന മതപാഠശാല വാർഡ് ജാഗ്രത സമിതി, ആരോഗ്യ ഉദ്യോഗസ്ഥർ, പൊലീസ് എന്നിവരുടെ സാന്നിധ്യത്തിൽ പൂട്ടി സീൽ ചെയ്തു. സ്ഥാപനത്തിൽ പഠനത്തിലുണ്ടായിരുന്ന എട്ട് പെൺകുട്ടികൾ ഉൾപ്പെടെ 40-ഓളം വിദ്യാർത്ഥികൾക്ക് ആവശ്യമായ കൗൺസിലിങ് നൽകാൻ പൊലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *