പി പി ദിവ്യക്കെതിരെ വിജിലൻസ് നീക്കം ശക്തം; പ്രധാന ഫയലുകൾ പിടിച്ചെടുത്തു

ദിവ്യയുടെ ബിനാമി കമ്പനിയെന്ന് ആരോപണം നേരിടുന്ന കാര്‍ട്ടണ്‍ ഇന്ത്യ കമ്പനിക്ക് വിവിധ പദ്ധതികളുടെ കരാര്‍ നല്‍കിയതുമായി ബന്ധപ്പെട്ട ഫയലുകള്‍ വിജിലന്‍സ് സംഘം കസ്റ്റഡിയിലെടുത്തു. കണ്ണൂര്‍ ജില്ലാ പഞ്ചായത്തില്‍ നിന്നാണ് 12 കോടി രൂപയുടെ പദ്ധതികളുമായി ബന്ധപ്പെട്ട ഫയലുകള്‍ കസ്റ്റഡിയിലെടുത്തത്.
കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് പി പി ദിവ്യക്കെതിരായ അന്വേഷണത്തില്‍ നിര്‍ണായക നീക്കവുമായി വിജിലന്‍സ്. ദിവ്യയുടെ ബിനാമി കമ്പനിയെന്ന് ആരോപണം നേരിടുന്ന കാര്‍ട്ടണ്‍ ഇന്ത്യ കമ്പനിക്ക് വിവിധ പദ്ധതികളുടെ കരാര്‍ നല്‍കിയതുമായി ബന്ധപ്പെട്ട ഫയലുകള്‍ വിജിലന്‍സ് സംഘം കസ്റ്റഡിയിലെടുത്തു. കണ്ണൂര്‍ ജില്ലാ പഞ്ചായത്തില്‍ നിന്നാണ് 12 കോടി രൂപയുടെ പദ്ധതികളുമായി ബന്ധപ്പെട്ട ഫയലുകള്‍ കസ്റ്റഡിയിലെടുത്തത്.

പി പി ദിവ്യ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരിക്കേ കാര്‍ട്ടണ്‍ ഇന്ത്യാ അലൈന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് 12 കോടിയിലധികം രൂപയുടെ കരാറുകള്‍ കിട്ടിയതിനD പിന്നില്‍ ക്രമക്കേട് നടന്നെന്ന പരാതിയിലാണ് വിജിലന്‍സ് നടപടി. കരാറുമായി ബന്ധപ്പെട്ട അഞ്ച് ഫയലുകളാണ് വിജിലന്‍സ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഓഫീസില്‍ നിന്നും കസ്റ്റഡിയിലെടുത്തത്. മോഡുലാര്‍ ടോയ്ലറ്റ് നിര്‍മാണം, എ ബി സി കേന്ദ്രത്തിന്‍റെ നിര്‍മാണ പ്രവൃത്തി തുടങ്ങിയവയുമായി ബന്ധപ്പെട്ട ഫയലുകള്‍ വിജിലന്‍സ് കസ്റ്റഡിയിലെടുത്തതായാണ് വിവരം. ഫയലുകള്‍ പരിശോധിച്ച ശേഷം അടുത്ത നടപടികളിലേക്ക് കടക്കാനാണ് വിജിലന്‍സ് നീക്കം. പൊതു മേഖലാ സ്ഥാപനമായ സില്‍ക്ക് വഴിയാണ് കാര്‍ട്ടണ്‍ ഇന്ത്യക്ക് കരാറുകള്‍ കിട്ടിയിരിക്കുന്നത്. അതിനാല്‍ സില്‍ക്കിലേക്കും അന്വേഷണം നീളുമെന്നാണ് സൂചന.

വിജിലന്‍സ് ഉത്തരമേഖലാ എസ് പിക്കാണ് അന്വേഷണത്തിന്‍റെ ചുമതല. പി പി ദിവ്യയുടെ ബിനാമി കമ്പനിയാണ് കാര്‍ട്ടണ്‍ ഇന്ത്യയെന്നും, വഴിവിട്ട് ഈ കമ്പനിക്ക് കരാറുകള്‍ നല്‍കിയതിന് പിന്നില്‍ അഴിമതിയുണ്ടെന്നും കാട്ടി കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്താണ് കെഎസ്‍യു സംസ്ഥാന വൈസ് പ്രസിഡന്‍റ് മുഹമ്മദ് ഷമ്മാസ് വിജിലന്‍സിന് പരാതി നല്‍കിയത്. എന്നാല്‍ ദിവ്യക്കെതിരായ അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. യുഡിഎഫ് സര്‍ക്കാര്‍ വന്നതിന് പിന്നാലെയാണ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്. കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്‍റെ കരാറുകള്‍ നേടിയത് ഇ ടെണ്ടര്‍ വഴിയാണെന്നും ബിനാമി കമ്പനിയെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നുമാണ് കാര്‍ട്ടണ്‍ ഇന്ത്യാഅലൈന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *